തിരുവനന്തപുരം: ജനതാദൾ-എസിന്റെ നിയുക്ത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായേക്കും. ചൊവ്വാഴ്ച രാവിലെ നിയമസഭാ സമ്മേളനത്തിന് ശേഷം ഇടതുമുന്നണി നേതാക്കൾ യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ച മാത്യു ടി. തോമസ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകും. രാജിക്കത്ത് മുഖ്യമന്ത്രി അപ്പോൾ തന്നെ ഗവർണർക്ക് കൈമാറും. ഗവർണർ അംഗീകരിച്ച് സമയം നിശ്ചയിച്ചാൽ അടുത്ത ദിവസം സത്യപ്രതിജ്ഞ നടത്താമെന്നാണ് കണക്കുകൂട്ടൽ. അതല്ലെങ്കിൽ ബുധനാഴ്ച നടക്കും.
ഓഫീസിൽ തിരക്കിൽ മാത്യു ടി. തോമസ്
മന്ത്രി സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്ന മാത്യു ടി. തോമസിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ ഇന്നലെ സന്ദർശകരുടെ തിരക്കായിരുന്നു. വകുപ്പിലെ ഉദ്യോഗസ്ഥരും സാധാരണ ജീവനക്കാരും മന്ത്രിയെ കാണാനും യാത്ര പറയാനുമെത്തി. പാർട്ടി പ്രവർത്തകരും മന്ത്രിക്ക് അനുഭാവമർപ്പിച്ച് എത്തി. ഓഫീസ് ഒഴിയാനുള്ള തയ്യാറെടുപ്പിന്റെ തിരക്കിലായിരുന്നു ജീവനക്കാർ. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ട് മാത്യു ടി. തോമസ് കാസർകോട്ടേക്ക് തിരിച്ചു.