തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തായി മുപ്പതോളം മോഷണങ്ങൾ നടത്തിയ രണ്ട് അന്തർ സംസ്ഥാന കള്ളന്മാരെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. മംഗലാപുരം അടയാർ ഹൗസിൽ സുദർശൻ ബെലെഗേര എന്ന മൊട്ടച്ചൻ (35), സേലം റെയിൽവേ കോളനിയിൽ സന്തോഷ് (27) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
പകൽസമയങ്ങളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ മനസിലാക്കി വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് കയറിയാണ് മോഷണം നടത്തിയിരുന്നത്. ആളില്ലാത്ത വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മണ്ണന്തല, പേരൂർക്കട, തിരുവല്ലം, കോവളം എന്നിവിടങ്ങളിൽ പകൽസമയങ്ങളിൽ തുടരെ മോഷണം നടന്നതിനെ തുടർന്ന് കൺട്രോൾ റൂം എ.സി വി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്.
മണ്ണന്തല ഭഗത്സിംഗ് നഗർ റോഡിൽ ഷിബുരാജിന്റെ വീട്ടിൽ കയറി നാല് പവനോളം സ്വർണാഭരണവും പണവും മോഷ്ടിച്ചതും പേരൂർക്കട കുശവർക്കൽ അലക്സാണ്ടറുടെ വീട്ടിൽനിന്ന് സ്വർണമോതിരങ്ങളും പണവും കവർന്നതും ഇവരാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു.
കർണാടക, ആന്ധ്ര, തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവർ മറ്റു സംസ്ഥാനങ്ങളിൽ സമീപകാലത്ത് മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് പറഞ്ഞു.
ഡി.സി.പി ആർ. ആദിത്യ, എ.സി വി. സുരേഷ് കുമാർ, മണ്ണന്തല എസ്.ഐ രാകേഷ്, ക്രൈം എസ്.ഐ ബാബു, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ, യശോധരൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ഇവർ നടത്തിയ മറ്റ് മോഷണങ്ങൾ
കോവളം ബൈപാസിൽ ചന്ദ്രന്റെ വീട്ടിൽ കയറി രണ്ട് ജോടി സ്വർണക്കമ്മലുകളും തിരുവല്ലം ബൈപാസിലെ മറ്റൊരു വീട്ടിൽ കയറി പണവും കവർന്നു. കല്ലമ്പലം ആയാംകോണം കൊച്ചനിയന്റെ ശ്രീകാർത്തിക വീട്ടിൽ കയറി 16 പവനും 20,000 രൂപയും മോഷ്ടിച്ചു. പൂവാർ തിരുപുറം പുത്തൻകട ബിന്ദുവിന്റെ അനുഗ്രഹ വീട്ടിൽനിന്ന് 10 പവൻ സ്വർണവും പണവും കവർന്നു. കാട്ടാക്കട പെരുംകുളം മോഹൻകുമാറിന്റെ മാധവവിലാസം വീട്ടിൽനിന്ന് എട്ടു പവൻ സ്വർണവും പണവും നെയ്യാറ്റിൻകര അതിയന്നൂർ പ്ലാവില കളത്തറ ഷാജിയുടെ ദേവരാഗം വീട്ടിൽ കയറി എട്ടുപവൻ സ്വർണവും വെടിവച്ചാൻകോവിൽ ഭഗവതിനട സുരേഷിന്റെ വീട്ടിൽനിന്ന് 10,000 രൂപയും മോഷ്ടിച്ചു. കോട്ടയം പുതുപ്പള്ളി ചർച്ചിന് സമീപം വർഗീസിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും അയർക്കുന്നം സ്റ്റേഷൻ പരിധിയിൽ അനിൽകുമാറിന്റെ വീട്ടിൽനിന്ന് നാല് പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. ഈ മോഷണങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടത്തിയതാണെന്നും ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചു.