തിരുവനന്തപുരം: ഭരണകക്ഷിക്കെതിരെ പ്രതിപക്ഷം സമരം നടത്തുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷമാണ് ഇന്നലെ സമരം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ചേർന്ന വികസന സമിതി യോഗം അലങ്കോലപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഇന്നലെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തിയത്. ഈ കൗൺസിൽ അധികാരത്തിലെത്തിയ ശേഷം ഇത് രണ്ടാം വട്ടമാണ് ഭരണപക്ഷം ബി.ജെ.പിക്കെതിരെ സമരം ചെയ്യുന്നത്. രണ്ടാം വാർഷികത്തിലെ കൂട്ടത്തല്ലിന് ശേഷമാണ് ആദ്യമായി ഭരണപക്ഷം ബി.ജെ.പിക്കെതിരെ പ്രത്യക്ഷ സമരം നടത്തിയത്.
പ്രതിഷേധ ധർണ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്‌തു. വികസന സെമിനാർ അലങ്കോലപ്പെടുത്തിയ ബി.ജെ.പിയുടെ വികസന വിരുദ്ധ സമീപനങ്ങൾക്കെതിരായ താക്കീതാണ് ഈ സമരമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലർ സോളമൻ വെട്ടുകാട് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാസെക്രട്ടറി ജി.ആർ. അനിൽ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്‌ക്കൽ വേണുഗോപാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, എസ്. പുഷ്പലത എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ധർണയ്ക്ക് പിന്തുണയുമായി പ്രകടനം നടത്തി.