k-surendran

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഗുരുതര പിഴവ്. സുരേന്ദ്രന് ബന്ധമില്ലാത്ത 5 കേസുകളിൽ അദ്ദേഹം പ്രതിയാണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ട് പൊലീസ് പിന്നീട് തിരുത്തി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർക്കാനായിരുന്നു അസ്വാഭാവിക മരണം അടക്കമുള്ള 9 കേസുകളിൽ പ്രതിയാണെന്ന റിപ്പോർട്ട് പത്തനംതിട്ട കോടതിയിൽ നൽകിയത്. പമ്പ പൊലീസിനാണ് ഗുരുതര പിഴവുണ്ടായത്.

സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് സ്​റ്റേഷനിൽ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി രണ്ട്‌ വീതം കേസുകളുമുണ്ടെന്നാണ്‌ കോടതിയെ അറിയിച്ചത്. ഇതിൽ കന്റോൺമെന്റ് സ്​റ്റേഷനിലെ കേസ് നമ്പരുകൾ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്. കേസ് നമ്പർ 1198/18 എന്നതു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്​റ്റേഷൻ പരിധിയിലെ ശശി എന്നയാളിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതാണ്. കേസ് നമ്പർ 705/15 എന്നത് ഇതേ പൊലീസ് സ്​റ്റേഷൻ പരിധിയിൽ മാർഗതടസമുണ്ടാക്കിയതിന് ആട്ടോ‌‌ഡ്രെെവർക്കെതിരെയെടുത്ത കേസാണ്. രണ്ട് കേസിലും സുരേന്ദ്രൻ പ്രതിയല്ല. കേസ് നമ്പർ 1284/18, 1524/17 എന്നിവയിൽ ബി.ജെ.പി നേതാക്കൾ പ്രതികളാണെങ്കിലും സുരേന്ദ്രന്റെ പേരില്ല. 1524/18 എന്ന കേസ് ഇതുവരെ രജിസ്​റ്റർ ചെയ്തിട്ടുപോലുമില്ല. ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസും കെ. സുരേന്ദ്രന്റെ തലയിൽ കെട്ടിവച്ചു.

കേസ് നമ്പരും വർഷവും ഫോണിലൂടെ കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സെക്രട്ടേറിയ​റ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് രജിസ്​റ്റർ ചെയ്ത മൂന്ന്‌ കേസുകൾ മാത്രമേ സുരേന്ദ്രനെതിരായുള്ളൂ എന്ന് പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നെടുമ്പാശേരിയിലും കണ്ണൂരിലും ഓരോ കേസുകൾ വീതമാണുള്ളതെന്നാണ് പുതിയ വിശദീകരണം.