തിരുവനന്തപുരം: മികച്ച സർവകലാശാലയ്‌ക്കുള്ള ഗവർണറുടെ നാലാമത് ചാൻസലേഴ്സ് അവാർഡ് എം.ജി സർവകലാശാലയ്‌ക്ക്. 5 കോടി രൂപയാണ് അവാർഡ് തുക. ഒരു കോടി രൂപയുടെ എമർജിംഗ് യംഗ് യൂണിവേഴ്സിറ്റി അവാർഡ് വയനാട് വെറ്റിനറി സർവകലാശാല നേടി. അവാർഡുകൾക്കുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിൽ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ ഗവർണർ പി. സദാശിവം അംഗീകരിച്ചു.
2015-16ലെ ചാൻസലേഴ്സ് അവാർഡ് എം.ജിക്കായിരുന്നു. 2016-17ലെ എമർജിംഗ് യൂണിവേഴ്സിറ്റി വെറ്ററിനറി സർവകലാശാലയായിരുന്നു. പ്രൊഫ. സി.എൻ.ആർ റാവു അദ്ധ്യക്ഷനും പ്രൊഫ. രംഗനാഥ്. എച്ച്. അന്നഗൗഡ, ഡോ. സുരേഷ് ദാസ്, ഡോ. ദേബാഷിഷ് ചാറ്റർജി, പ്രൊഫ. പ്രഭാത് പട്നായിക്, പ്രൊഫ.ജെ.എ.കെ. തരീൻ, പ്രൊഫ. രാജൻ ഗുരുക്കൾ, ഡോ. ഉഷാടൈറ്റസ്, ഡോ. രാജൻ വർഗീസ് എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡിന് ശുപാർശ നൽകിയത്. 2017 ജൂലായ് ഒന്നുമുതൽ 2018ജൂൺ 30വരെയുള്ള 10 സർവകലാശാലകളുടെ പ്രവർത്തനമാണ് പരിഗണിച്ചത്. വെറ്ററിനറി സർവകലാശാലയ്ക്കൊപ്പം ഫിഷറീസ്, മലയാളം സർവകലാശാലകളും എമർജിംഗ് അവാർഡിന് പരിഗണിക്കപ്പെട്ടു. കലാമണ്ഡലം, ആരോഗ്യം, സാങ്കേതിക സർവകലാശാലകൾ അവാർഡിന് എൻട്രികൾ നൽകിയില്ല. 2015-16ൽ കേരള സർവകലാശാലയാണ് പ്രഥമ ചാൻസലേഴ്സ് അവാർഡ് നേടിയത്.