sabarimala-h1-n1
sabarimala h1 n1

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലും എച്ച്1 എൻ1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശിച്ചു. തീർത്ഥാടകരിൽ കൂടുതലും ഇതര സംസ്ഥാനത്തുള്ളവരാണെന്നുള്ളത് കണക്കിലെടുത്തുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എച്ച്1 എൻ1ലക്ഷണങ്ങൾ ഉള്ളവർ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളോടെ ശബരിമലയിലെത്തുന്നവരെ ചികിത്സിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ചികിത്സാ സഹായ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇടത്താവളങ്ങളും അമ്പലങ്ങളും കേന്ദ്രീകരിച്ച് അവബോധം നൽകി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ 6 ഭാഷകളായി തയ്യാറാക്കിയ എച്ച്1 എൻ1നെപ്പറ്റിയുള്ള ലഘുലേഖകൾ തീർത്ഥാടകർക്ക് നൽകുന്നുണ്ട്. പമ്പ, സന്നിധാനം, നിലക്കൽ, എല്ലാ ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ അനൗൺസ്‌മെന്റിലൂടെയും സന്ദേശം നൽകുന്നു.

എച്ച്1 എൻ1 ചികിത്സയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. എവിടെയെങ്കിലും മരുന്നുകളുടെ കുറവുണ്ടാകുന്ന മുറയ്ക്ക് ഡി.എം.ഒ അത് റിപ്പോർട്ട് ചെയ്ത് കെ.എം.എൽ.സി.എൽ വഴി ലഭ്യമാക്കും. കൂടാതെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും മരുന്നുകൾ സ്റ്റോക്ക് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

എച്ച്1 എൻ1 ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ എ.ബി.സി ഗൈഡ് ലൈൻ കൃത്യമായി പാലിക്കാൻ ഡോക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

എവിടെയെങ്കിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കാനും അത് സ്റ്റേറ്റ് സർവയലൻസ് യൂണിറ്റിനെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓരോ സ്ഥലത്തും കൈക്കൊണ്ട പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.