നെടുമങ്ങാട്: തമിഴ്നാട്ടിൽ തുച്ഛമായ വിലയ്ക്കു കിട്ടുന്ന റേഷനരി കേരളത്തിൽ എത്തിച്ച് പ്രമുഖ ബ്രാൻഡുകളുടെ ലേബലിൽ മുന്തിയ വിലയ്ക്ക് വില്ക്കുന്ന സംഘങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ആര്യങ്കാവിലെ പ്രധാന ചെക്കു പോസ്റ്റും അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റു മൂന്നു ചെക്കുപോസ്റ്റുകളും കടന്നാണ് അരി ലോഡുകൾ തലസ്ഥാന ജില്ലയിൽ എത്തുന്നത്. ചില സ്വകാര്യ ഏജൻസികൾ വഴി ബ്രാന്റഡ് അരിയാക്കി രൂപ മാറ്റം വരുത്തിയാണ് പൊതുവിപണിയിലെ പകൽക്കൊള്ള. ചണം ചാക്കുകളിൽ വരുന്ന അരി സുരക്ഷിത താവളങ്ങളിൽ എത്തിച്ച് പ്ളാസ്റ്റിക് ചാക്കുകളിൽ നിറച്ചു ഭദ്രമാക്കിയാണ് അതിർത്തി കടത്തുന്നത്. അടുത്തിടെ ഇത്തരത്തിൽ കടത്തിക്കൊണ്ടുവന്ന ഇരുനൂറു ചാക്ക് അരി പൊലീസ് പിടികൂടി സിവിൽ സപ്ലൈസ് അധികൃതരെ ഏല്പിച്ചിരുന്നു. മതിയായ രേഖകളില്ലാത്ത ലോറികളിൽ രാത്രികാലങ്ങളിലാണ് അരി കടത്ത് പുരോഗമിക്കുന്നത്. മുൻപ് ഭക്ഷ്യവകുപ്പ് തട്ടിപ്പ് തടയാൻ നടപടി ശക്തമാക്കിയപ്പോൾ കടത്തു സംഘങ്ങൾ നിശബ്ദമായിരുന്നു. എന്നാൽ നടപടികളിൽ അയവ് വരുത്തിയതോടെ വീണ്ടും ഈ സംഘങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്.
പൊലീസ് ഉൾപ്പടെ പിടിച്ചെടുക്കുന്ന ലോഡ്കണക്കിന് അരി പരിശോധ നടത്തി റേഷനരിയല്ലെന്ന് കാണിച്ച് തിരിച്ചുകൊടുക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത അരികടത്ത് സംഘങ്ങൾക്ക് വിപുലമായ ശ്രിഖലയുടെ തണൽ ലഭിക്കുന്നുണ്ടെന്നതാണ് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
പരാതികൾ കുന്നുപോലെ
കഴിഞ്ഞ ഓണക്കാലത്ത് പാലോട് പൊലീസ് പിടികൂടി നെടുമങ്ങാട് സപ്ലെകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറ് ചാക്ക് അരി കഴിഞ്ഞ ദിവസം വിട്ടുകൊടുത്തതും ആക്ഷേപത്തിന് ആക്കം കൂട്ടി. നേരത്തെ അരികടത്ത് സംബന്ധിച്ച് നെടുമങ്ങാട്, കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസർമാർ ജില്ലാകളക്ടർക്ക് നൽകിയ റിപ്പോർട്ട് ഫയലിൽ ഉറങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയ റേഷനരിക്ക് ജില്ലാ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് !