a-a-asees

തിരുവനന്തപുരം:ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് തുടരും.ഇന്നലെ സമാപിച്ച 21-ാം സംസ്ഥാന സമ്മേളനമാണ് അസീസിനെ തിരഞ്ഞെടുത്തത്. ഷിബു ബേബിജോൺ അസീസിന്റെ പേര് നിർദ്ദേശിച്ചു. ഫിലിപ്പ് തോമസ് പിന്തുണച്ചു. 688 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ നിന്ന് 76 അംഗ സംസ്ഥാന സമിതിയേയും 216 പേരെ ദേശീയ സമ്മേളനപ്രതിനിധികളായും തിരഞ്ഞെടുത്തു.

കൊല്ലം ഇരവിപുരം മണ്ഡലത്തിലെ മുൻ എം.എൽ.എയായ അസീസ് തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. രണ്ട് ടേം സംസ്ഥാന സെക്രട്ടറി പദവിയിൽ പൂർത്തിയാക്കിയ അസീസിന് വീണ്ടും സംസ്ഥാന സെക്രട്ടറിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര രാഷ്ട്രീയ മുന്നണിയിൽ ഉറച്ചുനിൽക്കാൻ സമ്മേളനം തീരുമാനിച്ചു.സംസ്ഥാനത്ത് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്ന് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസീസ് പറഞ്ഞു.