technological-university

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിൽ ആദ്യമായി അക്കാഡമിക് കൗൺസിൽ രൂപീകരിക്കാൻ ബോർഡ് ഒഫ് ഗവേണേഴ്‌സ് യോഗം തീരുമാനിച്ചു. വൈസ്ചാൻസലർ അദ്ധ്യക്ഷനാകുന്ന അക്കാഡമിക് കൗൺസിലിൽ അംഗങ്ങളായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാൻ ഡോ. രാജൻഗുരുക്കൾ, സർവകലാശാല ഡീൻമാരായ ഡോ. വൃന്ദ നായർ (അക്കാഡമിക്), ഡോ. ശ്രീകുമാർ (റിസർച്ച്), ഡോ. അയൂബ് (പ്രിൻസിപ്പൽ, കൊല്ലം ടി.കെ.എം എൻജി.കോളജ്), ഡോ. ഇസഡ്.എ. സോയ (പ്രിൻസിപ്പൽ, കോളേജ് ഒഫ് എൻജിനീയറിംഗ് പെരുമൺ), ഡോ.ജെ. ഡേവിഡ് (പ്രിൻസിപ്പൽ, പാല സെന്റ് ജോസഫ്‌സ്), പ്രൊഫ.പി.ആർ. സുരേഷ് (എൻ.എസ്.എസ്, പാലക്കാട്), ഡോ. വിനു തോമസ് (തൃക്കാക്കര മോഡൽ എൻജി.കോളജ്), ഡോ. ചാണ്ടപ്പിള്ള പണിക്കർ (വലിയ കൂനമ്പായിക്കുളത്തമ്മ എൻജി. കോളജ്) എന്നിവരുടെ പേരുകൾ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സർക്കാർ എൻജി. കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തതിനാൽ അവിടെ നിന്നുള്ള അക്കാഡമിക് കൗൺസിൽ പ്രാതിനിദ്ധ്യം നികത്തിയിട്ടില്ല.
സർവകലാശാലയിൽ കോൾ സെന്റർ തുടങ്ങാനുള്ള ശ്രമം അധിക ചെലവാണെന്ന് കണ്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു. പകരം പബ്ലിക് റിലേഷൻസ് വിഭാഗം തുടങ്ങും. സർവകലാശാലയിൽ അഞ്ച് പഠന വിഭാഗങ്ങൾ തുടങ്ങാൻ തത്വത്തിൽ തീരുമാനിച്ചു. കൂടുതൽ ചർച്ചകൾക്കായി അക്കാഡമിക് കൗൺസിലിന് വിട്ടു. എം.ടെക്ക്, എം.ബി.എ കോഴ്‌സ് പൂർത്തിയാക്കിയവർക്കായി മൂന്ന് മേഖലകളിലായി ബിരുദദാന ചടങ്ങ് നടത്താൻ തീരുമാനിച്ചു. കാഴ്ച, കേൾവി വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ 25 ശതമാനം മാർക്ക് ഗ്രേസ് മാർക്കായി നൽകാൻ തീരുമാനിച്ചു. ഗവേഷണ നിയമാവലികൾ രൂപവത്കരിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും.