കഴക്കൂട്ടം:ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പെരുമാതുറ മുതലപ്പൊഴിയിൽ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. കടലും കായലും മുത്തമിടുന്ന മുതലപ്പൊഴിയും കായലിന്റെയും കടലിന്റെയും മനോഹര കാഴ്ച ഒരേ ദിശയിൽ നിന്ന് ആസ്വദിക്കാനും എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ഒരുക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 28ന് വൈകിട്ട് 5ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഇതിനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അനുവദിച്ച മൂന്നു കോടി രൂപയാണ് ആദ്യഘട്ടമായി ചെലവിടുന്നത്. നേരത്തേ പെരുമാതുറ ഭാഗത്തെ പുലിമുട്ടിനോട് ചേർന്ന വിശാലമായ തീരമായിരുന്നു പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഇതിന്റെ സർവേ നടപടികൾ വർഷങ്ങൾ മുൻപ് തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറകൾ കൊണ്ടു പോകുന്നതിന് കൂറ്റൻ ബോട്ട് ജെട്ടി നിർമിക്കാനായി അദാനി പെരുമാതുറ തീരത്തെ കണ്ടെത്തിയതോടെ ഈ തീരത്തിന്റെ പ്രസക്തി നഷ്ടമാവുകയായിരുന്നു. പ്രദേശവാസികളുടെ നിരന്തര സമരങ്ങളും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ജെട്ടി നിർമ്മാണം നടക്കുന്നിടത്ത് നിന്നു ഏകദേശം 500 മീറ്റർ അകലെയുള്ള തീരത്താണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ഇക്കാരണത്താൽ നേരത്തേ തീരുമാനിച്ചിരുന്ന നിർമ്മാണങ്ങൾക്ക് ഏറെ മാറ്റങ്ങളുണ്ടായേക്കും. ഹാർബർ അതോറിട്ടിയെയാണ് കേരളാ ടൂറിസം വകുപ്പ് നിർമ്മാണ ചുമതല ഏല്പിച്ചിരിക്കുന്നത്. സമയബന്ധിതമായി ജോലികൾ പൂർത്തീകരിക്കാനാണ് ഹാർബർ അതോറിട്ടി ലക്ഷ്യമിടുന്നത്. പെരുമാതുറ മുതലപ്പൊഴി ഫിഷിംഗ്, അദാനി ഗ്രൂപ്പിന്റെ ബോട്ട് ജെട്ടി, കായലും കടലും സംഗമിക്കുന്ന മുതലപ്പൊഴിയെ മറികടക്കുന്ന കൂറ്റൻ പാലം, കിലോമീറ്ററോളം തിരയില്ലാത്ത
കടൽത്തീരം, പ്രകൃതി സൗന്ദര്യം എന്നിവ കണ്ട് ആസ്വാദിക്കാൻ വിദേശികളടക്കം ഇപ്പോൾ ആയിരങ്ങൾ എത്തുന്നുണ്ട്. നിലവിൽ ഇവിടെ എത്തുന്നവർക്ക് പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. വരാൻ പോകുന്ന ടൂറിസം വികസനം ടൂറിസം ഭൂപടത്തിൽ പെരുമാതുറയ്ക്ക് ഒരിടം നേടിക്കൊടുക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പ്രകൃതി സ്നേഹികളും.
ആദ്യഘട്ടം ചെലവിടുന്നത് - 3 കോടി
പദ്ധതി നടപ്പാക്കുന്നത് - പെരുമാതുറ തീരത്തു നിന്ന് 500 മീറ്റർ അകലെ
നിർമ്മിക്കാനുദ്ദേശിക്കുന്നത്
തീരത്തെത്താൻ പ്രത്യേക പ്രവേശനകവാടം
ചുറ്റുമതിലും വാഹനപാർക്കിംഗ് ഏരിയയും
റോഡിനോട് ചേർന്നുള്ള നടപ്പാത
ഇരിപ്പിട സൗകര്യങ്ങൾ
കുട്ടികൾക്കായുള്ള പുതുമയാർന്ന പാർക്ക്
ലഘു ഭക്ഷണശാലകൾ
ആധുനിക രീതിയിലുള്ള ടോയ്ലെറ്റുകൾ
ബീച്ച് വൈദ്യുതീകരിക്കൽ
അഡ്മിനിസ്ട്രേഷൻ ബ്ലോക്കുകൾ