തിരുവനന്തപുരം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ കാര്യങ്ങൾ അറിയിക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ ഗവർണർ പി. സദാശിവത്തെ സന്ദർശിച്ചു. ശബരിമലയിൽ ശാന്തിയും സമാധാനവും പുലരണമെന്ന് ഗവർണർ മന്ത്രിയോടു പറഞ്ഞു. അതിനുള്ള നടപടികളാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
അക്രമകാരികളെ തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ഗവർണറെ മന്ത്രി അറിയിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ തുടരുന്നത്. ഇത് യഥാർത്ഥ ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. നടതുറന്ന ശേഷമുള്ള അവസ്ഥ ഗവർണറോട് മന്ത്രി വിശദീകരിച്ചു. പൊലീസ് നടപടികളും ചർച്ചയായി.
ശബരിമലയിലെ എല്ലാകാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധതിരിയണമെന്നും ഗവർണർ നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. സ്വമേധയാ ഗവർണറെ കണ്ടതാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.