തിരുവനന്തപുരം: കൊച്ചുവേളി സ്റ്റേഷനിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറായതോടെ തീവണ്ടി ഗതാഗതം താറുമാറായി. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നിനാണ് സിഗ്നൽ പൂർണമായും തകരാറിലായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കും തിരിച്ചുമുള്ള വണ്ടികൾക്ക് കൊച്ചുവേളി കടക്കാനാകാത്ത സ്ഥിതിയായി. കൊല്ലത്തു നിന്ന് തിരുവനന്തപുത്തേക്കുള്ള ഏഴ് തീവണ്ടികൾ വിവിധ സ്റ്റേഷനുകളിൽ പിടച്ചിട്ടു. ഇവയിൽ ദീർഘദൂര തീവണ്ടികളുമുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്നുള്ള 10 തീവണ്ടികൾക്ക് പുറപ്പെടാനായില്ല. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. വൈകിട്ട് ആറോടെ തകരാറ് ഭാഗികമായി പരിഹരിച്ചെങ്കിലും ഉടൻ ഓട്ടോമാറ്റിക് സിഗ്നലുകൾ വീണ്ടും തകരാറിലായി. രാത്രി പത്തുവരെയും തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ മാനുവൽ സിഗ്നൽ സമ്പ്രദായത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. തിരക്കുള്ള സമയവും അവധിത്തലേന്നുമായതിനാൽ എല്ലാ വണ്ടികളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. മാന്വൽ സമ്പ്രദായത്തിൽ തീവണ്ടികൾ ഗതാഗതം പുനഃരാരംഭിച്ചെങ്കിലും ഓരോ വണ്ടികളും കടത്തിവിടാൻ അരമണിക്കൂർ ഇടവേള വേണ്ടിവന്നതോടെ ഇന്നലെ രാത്രി വൈകിയും പല തീവണ്ടികളും മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെടാനാവാത്ത സ്ഥിതിയിലാണ്. ശനിയാഴ്ച വൈകിട്ട് ആറിന് തിരുവനന്തപുരത്ത് എത്തേണ്ട പരശുറാം എക്‌സ്‌പ്രസ് രാത്രി പത്തരയ്‌ക്കും കഴക്കൂട്ടം സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. തിരുവന്തപുരത്തേക്കുള്ള പാസഞ്ചർ, ജനശതാബ്ദി, രപ്‌തിസാഗർ തുടങ്ങി നിരവധി തീവണ്ടികൾ രാത്രി വൈകിയും പല സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രി തന്നെ തകരാറ് പരിഹരിച്ച് പുലർച്ചെയോടെ ഗതാഗതം പൂർവസ്ഥിതിയിലാകുമെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു.