കോവളം : കനത്ത മഴയിൽ തിരുവല്ലം - കമലേശ്വരം റോഡ് വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിലേക്കുള്ള ഗതാഗതം താറുമാറായി. പലയിടങ്ങളിലും വെള്ളം കെട്ടിയതോടെ പ്രദേശവാസികൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതായി. പകർച്ച വ്യാധികൾ പടരുമെന്ന ആശങ്കയുമുണ്ട്. മാലിന്യം തള്ളുന്നത് കാരണം മൂടിയ ഓടകൾ വൃത്തിയാക്കത്തതിനെ തുടർന്ന് വലിയവെള്ളക്കെട്ടാണ് റോഡുകളിലുണ്ടായത്. ഇന്നലെ വൈകിട്ടത്തെ മഴയിൽ ചെറിയതുറ, പൂന്തുറ, അമ്പലത്തറ, കല്ലാട്ടുമുക്ക്, മാണിക്യവിളാകം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളിലും വീടുകൾക്കു മുന്നിലും വെള്ളം കെട്ടിക്കിടക്കുകയാണ്.
ഓടകൾ വൃത്തിയാക്കാൻ കോർപറേഷൻ പണം അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. പ്ളാസ്റ്റിക്കുൾപ്പെടെ ഓടകളിൽ നിറഞ്ഞുകിടക്കുകയാണ്. ഇതിനു പുറമേയാണ് തുറന്നു കിടക്കുന്ന ഓടകളിൽ ചാക്കുകളിലാക്കി മാലിന്യം തള്ളുന്നത്. അമ്പലത്തറ - കമലേേശ്വരം മേഖലയിൽ ഓടയില്ലാത്തതും റോഡിലെ വെള്ളക്കെട്ടിനു കാരണമായി. ഇതുകാരണം മൻ തോർന്നു ദിവസങ്ങൾ കഴിഞ്ഞാലും ഇവിടത്തെ വെള്ളക്കെട്ട് ശമിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.