തിരുവനന്തപുരം:ശബരിമലപ്രശ്നത്തിൽ ബി.ജെ.പിയും സി. പി. എം സർക്കാരും ഏറ്റുമുട്ടുന്നതിന്റെ പേരിൽ കേന്ദ്രം രാഷ്ട്രീയ വിദ്വേഷം കാട്ടിയാൽ പ്രളയ പുനരധിവാസം പണമില്ലാതെ പ്രതിസന്ധിയിലാകും.
വിദേശസഹായത്തിന് കേന്ദ്ര വിലക്കിട്ടതിനാൽ പുനരധിവാസത്തിന് പണത്തിനായി മോദിസർക്കാരിന് മുന്നിൽ കൈനീട്ടണം.ശബരിമല പ്രശ്നത്തിൽ സംസ്ഥാനത്ത് എത്തുന്ന കേന്ദ്രമന്ത്രിമാരെ വേണ്ടപോലെ പരിഗണിക്കാത്തതും പൊലീസിന്റെ പരുഷമായ ഇടപെടലും കേന്ദ്ര-സംസ്ഥാന ബന്ധത്തിലും വിള്ളലുണ്ടാക്കാം. ശബരിമല പ്രശ്നത്തിൽ ഒരുവിഭാഗം ജനങ്ങൾ സർക്കാരിന് എതിരായി. പ്രളയപുനരധിവാസം കൂടി നടക്കാതിരുന്നാൽ വലിയ തിരിച്ചടിയാകും.
പ്രളയ പുനരധിവാസത്തിന്
കെ.പി.എം.ജി റിപ്പോർട്ടനുസരിച്ച് 31,000കോടി വേണം.
സർക്കാർ പദ്ധതിയിൽ 26,900കോടി വകയിരുത്തി.
11,400 കോടി വായ്പ
1,000കോടി ജി.എസ്.ടി. പ്രളയസെസ്
1,500കോടി പഞ്ചായത്ത് വികസന നിധി
5,000 കോടി കേന്ദ്ര പാക്കേജ്
5,616കോടി ദുരന്ത നിവാരണ സഹായം
24,516 കണ്ടെത്താൻ കേന്ദ്രസർക്കാർ കനിയണം.
സംസ്ഥാന വിഹിതമായുള്ളത്
പ്ളാൻഫണ്ട് വെട്ടിക്കുറച്ചുള്ള 2,000കോടി
സംഭാവനകൾ 2683.18കോടി
മൊത്തം 4683.18കോടി.
കേന്ദ്രം ചെയ്യേണ്ടത്
ജി.എസ്.ടി.സെസിന്റെ കാര്യത്തിൽ സംസ്ഥാന ധനമന്ത്രികൂടി അംഗമായ ജി.എസ്.ടി.കൗൺസിൽ ഉപസമിതി റിപ്പോർട്ട് നൽകിയാലും അന്തിമ തീരുമാനം കേന്ദ്രസർക്കാരും സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുമാണ് എടുക്കേണ്ടത്. 22 സംസ്ഥാനങ്ങൾ ഭരിക്കുന്ന ബി.ജെ.പി.ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാടായിരിക്കും എടുക്കുക.
ലോക്‌സഭാതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കേരളത്തിനായി ജി.എസ്.ടി.സെസ് ഏർപ്പെടുത്തി ചില വസ്തുക്കളുടെയെങ്കിലും വിലകൂട്ടാൻ ബി.ജെ.പി. തയ്യാറായേക്കില്ല.
11,400 കോടി വായ്പയെടുക്കാൻ സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണം. ദേശീയ തലത്തിൽ ജി.ഡി.പി.യുടെ 3 ശതമാനമാണ് വായ്പാപരിധി. ഇത് കേരളത്തിനായി 4 ശതമാനമാക്കണം. ഇതിനും രാഷ്ട്രീയസമീപനം തടസമായേക്കും.
ദുരന്തനിവാരണ സഹായമായി 5,616 കോടി രൂപ അൽപം വൈകിയാണെങ്കിലും കേന്ദ്രത്തിൽ നിന്ന് കിട്ടും. എന്നാൽ 5000 കോടിയുടെ പാക്കേജ് കേന്ദ്രത്തിന്റെ സഹായമാണ്. രാഷ്ട്രീയ പരിഗണന വന്നാൽ അതും ഇല്ലാതാകാം.
പ്രളയ കെടുതി
മരണം 493
ബാധിച്ചത് 14ലക്ഷം പേരെ
കൃഷി നഷ്ടം 54,000 ഹെക്ടർ
പാലം തകർന്നത് 221
പഞ്ചായത്ത് റോഡ് തകർന്നത് 82,000 കി. മീ.
മരാമത്ത് റോഡ് തകർന്നത് 14,000 കി. മീ.
വാഗ്ദാനങ്ങളുടെ സ്ഥിതി
ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാർക്കും 10 ലക്ഷം വായ്പ - നടന്നില്ല
വീട്ടുപകരണങ്ങൾ വാങ്ങാൻ ഒരു ലക്ഷം - 1.42 ലക്ഷം അപേക്ഷകരിൽ കിട്ടിയത് 38,000പേർക്ക്
വീട് വയ്‌ക്കാൻ 4 ലക്ഷം - 47,000 പേരിൽ കിട്ടിയത് 1656 പേർക്ക്
കൃഷി സഹായം - ആർക്കും കിട്ടിയില്ല
പരമ്പരാഗത വ്യവസായങ്ങൾ വീണ്ടും തുടങ്ങാൻ പാക്കേജ് - ഒന്നുമായില്ല