nemomups

നേമം: ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നേമം ഗവ. യു.പി സ്കൂളിന് പറയാനുള്ളത് വിവിധ വകുപ്പുകളിൽ നിന്നു മൂന്നു വർഷമായി നേരിടുന്ന അവഗണനയുടെ കഥകളാണ്. ഈ അവഗണനകൾക്കിടയിലും സ്കൂളിനായി ടോയ്‌ലെറ്റ് നിർമ്മിച്ചു നൽകാൻ നേമം ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു വന്നതിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുപോലെ സന്തുഷ്ടരാണ്. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണന്റെയും ഡിവിഷൻ അംഗം എം.വിനുകുമാറിന്റെയും ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. കരമന-കളിയിക്കാവിള ദേശീയ പാതയുടെ രണ്ട് വശത്തായി സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഒരു വശത്ത് അനക്സിൽ മൂന്ന് നാല് ക്ലാസുകളും, മറു വശത്തെ ഭരണ നിർവഹണ ബ്ലോക്കിൽ നഴ്സറി മുതൽ രണ്ട് വരെയും, അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസുകളുമാണ് പ്രവർത്തിക്കുന്നത്. റോഡിന് അടിയിലൂടെ നിർമ്മിച്ചിട്ടുള്ള സബ് വേ വഴിയാണ് രണ്ട് ബ്ലോക്കുകളെയും ബന്ധിപ്പിക്കുന്നത്.
300 കുട്ടികൾ പഠിക്കുന്ന അനക്സിൽ ടോയ്ലെറ്റ് ഇല്ലാത്തതിനാൽ ടിൻ ഷീറ്റ് കൊണ്ടു മൂടിയ ഒരു ചെറിയ മുറിയാണ് താത്കാലിക ആവശ്യത്തിന് ഉപയോഗിക്കുന്നത്. കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സബ് വേ വഴി പ്രധാന ബ്ലോക്കിൽ എത്തേണ്ട ഗതികേടിലാണ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി നേമം സ്കൂളിന് നഷ്ടപ്പെട്ട ക്ലാസ് മുറികൾക്ക് പകരമായി ആരംഭിച്ച കെട്ടിട നിർമ്മാണം മുടങ്ങിയിട്ട് രണ്ടര വർഷമായി കെട്ടിട നിർമ്മാണത്തിൽ ടോയ്‌ലെറ്റ് ബ്ലോക്ക് പ്രത്യേകമായി നിർമ്മിക്കാനാണ് തീരുമാനം. അതിനാൽ ടോയ്‌ലെറ്റെങ്കിലും അടിയന്തരമായി നിർമ്മിച്ചു നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ആരംഭിക്കാത്തതിനാലാണ് രാഷ്ട്രീയം മറന്ന് ബ്ലോക്കിൽ നിന്നു ഫണ്ട് അനുവദിച്ചത്.