തച്ചൻകോട്ടെ തുറന്ന പുസ്തകശാല ശ്രദ്ധേയമാകുന്നു
കുറ്റിച്ചൽ: തച്ചൻകോട് അക്ഷയ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ തച്ചൻകോട് ജംഗ്ഷനിലെ ആൽമരമരച്ചുവട്ടിൽ പുസ്തകമരം എന്ന പേരിൽ തുടങ്ങിയ തുറന്ന വായനശാല ശ്രദ്ധേയമാകുന്നു. സാംസ്ക്കാരിക സമിതിയിലെ സജീവ പ്രവർത്തകനും പുസ്തക പ്രേമിയും അകാലത്തിൽ മരിച്ചുപോയ സുമേഷിന്റെ സ്മരണാർത്ഥം തുടങ്ങിയ വായനശാലയിൽ നൂറുകണക്കിന് പുസ്തകങ്ങളാണുള്ളത്. വായനാപ്രേമികൾക്ക് ഏത് സമയത്തും എത്താൻ കഴിയുന്ന രീതിയിലാണ് പുസ്തകമരം സംഘാടകർ ഒരുക്കിയിരിക്കുന്നത്.
വിവിധ പ്രവർത്തനങ്ങളിലൂടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ഈ സമിതിയ്ക്ക് എന്നാൽ സ്വന്തമായി ഒരു കെട്ടിടം പോലുമില്ല. ഇതുമനസിലാക്കിയ ജില്ലാ പഞ്ചായത്തംഗം ബിജു മോഹൻ കെട്ടിടത്തിനായി ഫണ്ട് നൽകാമെന്ന് അറിയിച്ചു. എങ്കിലും മൂന്ന് സെന്റ് വസ്തുവിനായി കാത്തിരിയ്ക്കുകയാണ് സമിതിയംഗങ്ങൾ. കലാ കായിക മത്സരങ്ങൾക്കുള്ള പരിശീലനം, പി.എസ്.സി കോച്ചിംഗ് സെന്റർ, വനിതകൾക്കായി സോഫ്റ്റ് സ്കിൽ ട്രെയിനിംഗ് തുടങ്ങി നിരവധി മാതൃകാ പ്രവർത്തനങ്ങൾ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
തുറന്ന വായനശാല കവിയും പ്രഭാഷകനുമായ വിബു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ,ജില്ലാ പഞ്ചായത്തംഗം ബിജു മോഹൻ, പരുത്തിപ്പള്ളി അഭിലാഷ്, അജി ദൈവപ്പുര, അമൽ വിജയ്, ദീപു കൃഷ്ണൻ, അരുൺ സുധാകർ, സദക്കത്ത്, സമീർ സിദ്ദീഖി.പി, ഷാജഹാൻ കാപ്പുകാട് തുടങ്ങിയവർ സംസാരിച്ചു.