തിരുവനന്തപുരം: 'കോൺഗ്രസ് വിട്ടിട്ട് വർഷങ്ങളായെങ്കിലും പ്രവർത്തകർക്കിന്നും ഞാൻ പ്രിയപ്പെട്ടവനാണ്. എ.കെ. ആന്റണി തന്നെയാണ് രാഷ്ട്രീയ ഗുരു. എപ്പോഴും അദ്ദേഹത്തിന് എന്റെ വലത്തേ നെഞ്ചിലൊരു സ്ഥാനമുണ്ടാകും. കോൺഗ്രസ് വിട്ടിറങ്ങിയപ്പോൾ എന്നെ സ്വീകരിച്ചയാളാണ് പിണറായി വിജയൻ. അദ്ദേഹം എന്റെ ഇടത്തേ നെഞ്ചിലുമുണ്ട്" - ഒരിടവേളയ്‌ക്കുശേഷം എ.കെ. ആന്റണിക്കൊപ്പം വേദിപങ്കിട്ട ചെറിയാൻ ഫിലിപ്പിന്റെ വാക്കുകളാണിത്.
ഭാരത് സേവക് സമാജിന്റെ പ്രഥമ എം.എം. ജേക്കബ് പുരസ്‌കാരം ചെറിയാൻ ഫിലിപ്പിന് നൽകാൻ കോൺഗ്രസ് നേതാവ് ആന്റണി കൃത്യസമയത്തെത്തി. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ കാരണമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പൊതുപരിപാടികൾക്ക് ചെറിയൊരു ഇടവേള നൽകി കേരളത്തിൽ വിശ്രമിക്കുന്നതിനിടെയാണ് എ.കെ. ആന്റണി ചടങ്ങിലെത്തിയത്.
'ചെറിയാൻ ഫിലിപ്പിനെ ആദരിക്കുമ്പോൾ എനിക്കെങ്ങനെ വരാതിരിക്കാനാകും. എന്തൊക്കെ അനാരോഗ്യങ്ങളും തിരക്കുകളുമുണ്ടെങ്കിലും ഞാനെത്തും. ഒന്നും നേടാത്ത നിസ്വാർത്ഥനായ പൊതുപ്രവർത്തകനാണ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിൽ നിന്ന് രാജിവച്ചെങ്കിലും എന്നും എന്നോടൊപ്പം ചേർന്നു നിൽക്കുന്നയാളാണ് ചെറിയാൻ. അദ്ദേഹത്തെ തേടി കൂടുതൽ അവസരങ്ങൾ എത്തട്ടെ" - ആന്റണി ആശംസിച്ചു.
ആന്റണിയെപ്പോലെ ജനനന്മ ആഗ്രഹിക്കുന്ന പൊതുപ്രവർത്തകനെ കണ്ടിട്ടില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും ലാളിത്യവുമാണ് ആകർഷിച്ചത്. എന്റെ ജീവിതത്തിൽ അംഗീകാരങ്ങളൊന്നും തേടിയെത്തിയിട്ടില്ലെന്ന് ആന്റണി പറഞ്ഞത് ഒരു ക്ഷമാപണമായി കരുതുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണ് കോൺഗ്രസ് വിട്ടത്. പതിനെട്ട് വർഷത്തിനിടെ ആഴ്ചയിലൊരിക്കലെങ്കിലും ആന്റണിയുമായി ബന്ധപ്പെടാറുണ്ടെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത്.