naya

വിതുര:കള്ളൻമാർ ജാഗ്രതൈ! ഇനി രാത്രിയിൽ മോഷ്ടിക്കാൻ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയാൽ സൂസിമോൾ നിങ്ങളെ കടിച്ചുകുടയും. ഡിപ്പോ അധികാരികളുടെ അനുമതിയില്ലാതെ അതിക്രമിച്ചു കയറി ആധിപത്യം സ്ഥാപിച്ച തെരുവ് നായയാണ് ഇപ്പോൾ ഡിപ്പോയുടെ കാവൽക്കാരിയായി മാറിയിരിക്കുന്നത്. ആറ് മാസം മുൻപ് തീരെ കുഞ്ഞായിരിക്കുമ്പോഴാണ് ഇൗ തെരുവ് നായ ഡിപ്പോയിൽ എത്തിയത്. ജീവനക്കാർ തുരത്തി ഒാടിച്ചെങ്കിലും പട്ടിക്കുട്ടി ഡിപ്പോ വിട്ടൊഴിയാൻ കൂട്ടാക്കിയില്ല. ഡിപ്പോയിലെ വെയിറ്റിംഗ് ഷെഡിൽ താവളമുറപ്പിച്ചു. രാത്രിയിൽ പരിചയമില്ലാത്ത ആര് ഡിപ്പോ പരിസരത്ത് എത്തിയാലും കുരച്ച് ചാടും. നായയുടെ സേവനം ഇഷ്ടപ്പെട്ടതോടെ ജീവനക്കാർ ആഹാരവും മറ്റും നൽകി. ആഹാരവും പരിചരണവും ലഭിച്ചതോടെ നായ തടിച്ചു കൊഴുത്തു. ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ കണ്ടാൽ ഉടൻ വാലാട്ടി ഒാടി അരികിലെത്തി സ്നേഹം പ്രകടിപ്പിക്കും. ഇതിനിടയിൽ ജീവനക്കാർ സൂസിമോൾ എന്ന ഒാമനപ്പേരും നൽകി. ഡിപ്പോയിലെ സുരക്ഷാ ജീവനക്കാർ പുറത്ത് ചായകുടിക്കാനോ മറ്റോ പോയാൽ ഒപ്പം സൂസിമോളും ഉണ്ടാകും.

കള്ളൻമാരെ കണ്ടാൽ കുരച്ചു ചാടുന്ന സൂസിമോൾ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരെയോ പകൽ ഡിപ്പോയിൽ എത്തുന്നവരെയോ ഇതുവരെ ആക്രമിച്ചിട്ടില്ല. ഡിപ്പോയിൽ മുൻപ് മോഷണം പതിവായിരുന്നു. ഡീസൽ, സ്പെയർ പാ‌ർട്സുകളുടെ മോഷണം ഇവിടെ പതിവായിരുന്നു. മാത്രമല്ല ഡിപ്പോയിൽ ചുറ്റുമതിലുമില്ല. കള്ളൻമാർക്ക് ഏതു വഴി വേണമെങ്കിലും ഡിപ്പോയിൽ കടക്കാം. എന്നാൽ സൂസിമോൾ എത്തിയതോടെ കഥ മാറി. രാത്രികാലങ്ങളിൽ പരിചയമില്ലാത്ത ആർക്കും ഡിപ്പോയുടെ പരിസരത്തു കൂടി സഞ്ചരിക്കാൻ കഴിയില്ല. മാത്രമല്ല സ്വന്തം വർഗക്കാരെ പോലും ഏഴയലത്ത് അടുപ്പിക്കില്ല.

ഡിപ്പോയിൽ കഴിഞ്ഞ ദിവസം രാത്രി മെക്കാനിക്കൽ സെക്ഷനിലെ ജീവനക്കാർ കൃത്യമായി ജോലി നോക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി സർപ്രൈസ് സ്ക്വാഡ് ഡിപ്പോയിൽ എത്തിയിരുന്നു. ഇൗ സമയം സൂസിമോൾ തന്റെ ജോലി ഭംഗിയായി നിർവഹിച്ചു. സ്ക്വാഡിന് മുന്നിൽ കുരച്ച് ചാടിയ സൂസിമോളെ കണ്ട് ഉദ്യോഗസ്ഥർ പരിഭ്രാന്തരായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ എത്തി സൂസിയെ മാറ്റിയ ശേഷമാണ് പരിശോധന നടന്നത്. ഏതായാലും ഡ്യൂട്ടി തടസപ്പെടുത്താൻ ശ്രമിച്ച സൂസിമോളുടെ പേരിൽ നടപടിയെടുക്കണമെന്നാണ് സ്ക്വാഡ് ഡിപ്പോയിലെ മേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജീവനക്കാർ സൂസിമോൾക്കൊപ്പമാണ്. ഡിപ്പോയ്ക്ക് സംരക്ഷണം നൽകുന്ന സൂസിമോൾ ആർക്കും ശല്യമല്ലെന്നും പിന്നെ എന്തിന് നടപടിയെന്നുമാണ് ഇവരുടെ ചോദ്യം.