ration

തിരുവനന്തപുരം: പ്രളയസമയത്ത് കേരളത്തിന് സാജന്യമായി നൽകിയ അരിക്ക് വില ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ചെറുക്കാൻ സംസ്ഥാനം തയ്യാറെടുക്കുന്നു. അരി വിലയായി 223.87 കോടി രൂപ നൽകണമെന്ന കേന്ദ്രഭക്ഷ്യവകുപ്പിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ എം.പിമാർ പാർലമെന്റിൽ ശബ്‌ദമുയർത്തും. ഡിസംബർ ഒന്നിന് നടക്കുന്ന എം.പിമാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. 11നാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. പ്രളയം കഴിഞ്ഞ് ദിവസം നൂറു കഴിഞ്ഞിട്ടും തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്നോട്ടു പോയിട്ടില്ല.

കേന്ദ്രസഹായമായി ഒരു ലക്ഷം ടൺ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. അനുവദിച്ചത് 89,549 ടൺ. കേന്ദ്രസഹായമുള്ളതിനാൽ അരിവില ഉയരില്ലെന്ന നേട്ടവും സംസ്ഥാനം കണ്ടിരുന്നു. ഇതിനിടെയാണ് അരിവിലയും ഗതാഗതച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രഭക്ഷ്യവകുപ്പിന്റെ ഉത്തരവെത്തിയത്. രാജ്യത്തിനകത്തും പുറത്തുമെല്ലാം പുനർനിർമ്മാണത്തിന് പണം അഭ്യർത്ഥിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവെത്തിയത്. കിലോയ്‌ക്ക് 25 രൂപ നിരക്കിലാണ് അരി നൽകിയത്. പണം പിന്നീട് നൽകണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കിൽ കേന്ദ്രസഹായത്തിൽ നിന്ന് തുക ഈടാക്കും. പ്രളയത്തിൽ കേന്ദ്ര സർക്കാർ 600 കോടിയാണ് സഹായധനമായി നൽകിയത്.

അതിനിടെ അരിവില ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി പി. തിലോത്തമനും നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. ഇതുവരെ പണം ഈടാക്കാത്തതിനാൽ പാർലമെന്റിൽ പ്രശ്‌നം ഉന്നയിച്ചാൽ അനുകൂല തീരുമാനം ഉണ്ടായേക്കും.

 അടുത്ത മാസവും സൗജന്യ അരി

‌ഡിസംബറിലും റേഷൻ കടകളിലൂടെ സൗജന്യമായി അരി നൽകാനാണ് സർക്കാർ തീരുമാനം. രണ്ടു മാസങ്ങളിലും അരി സൗജന്യമായിരുന്നു. മുൻഗണനേതര വിഭാഗത്തിന് റേഷൻ കാർഡ് ഒന്നിന് അഞ്ച് കിലോ വീതം ലഭിക്കും. പ്രളയ സഹായമായി കേന്ദ്രം തന്ന അരി മുഴുവൻ സൗജന്യമായി വിതരണം ചെയ്യാനാണ് സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ തീരുമാനം. പണം ഈടാക്കി വിതരണം ചെയ്‌താൽ അരിവില ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ വാദത്തെ കേന്ദ്രം അംഗീകരിക്കില്ല.

'മറ്റ് സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തമുണ്ടായപ്പോൾ കേന്ദ്രം നൽകിയ സൗജന്യ ഭക്ഷ്യധാന്യങ്ങൾക്ക് പണം ഈടാക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തിൽ നിന്ന് പണം ഈടാക്കുന്നത് ദ്രോഹമാണ്. അതുണ്ടാവില്ലെന്നാണ് പ്രതീക്ഷ".

- പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി