mullapally

തിരുവനന്തപുരം : കറകളഞ്ഞ മതേതരവാദിയായ എ.കെ. ആന്റണിയെ കുറിച്ച് സംസാരിക്കാൻ വർഗീയ പ്രീണനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് യോഗ്യതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിക്ക് വെള്ളവും വളവും നൽകുന്നത് ആന്റണിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യമാണ്. കേരളത്തിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും വളർത്താൻ അച്ചാരം വാങ്ങിയ പിണറായിയുടെ ന്യൂനപക്ഷസ്‌നേഹം കാപട്യമാണ്. ബി.ജെ.പിയും മുഖ്യമന്ത്രിയും സൗഹൃദത്തിലാണ് മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രിയെ ഡൽഹിയിൽ ആദ്യമായി സന്ദർശിച്ചപ്പോൾ പിണറായി വാനോളം പ്രശംസിച്ചത് കേരളം മറന്നിട്ടില്ല. ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും പര‌സ്പരം പുകഴ്‌ത്തുന്നതും പുറം ചൊറിയുന്നതും കേരളം കണ്ടെന്നും മുല്ലപ്പള്ളി പരിഹസിച്ചു.