aju

മുടപുരം: ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അടിക്കടി വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമവും ഉണ്ടാകുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. വർഷങ്ങളായി ഉപഭോക്താക്കൾ അനുഭവിക്കുന്ന ഈ ആവലാതിക്ക് പരിഹാരം കാണാൻ ഒറ്റ പോംവഴിയേയുള്ളൂ. ഇവിടെ 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കണം. ഇക്കാര്യം വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കിയിട്ടില്ല. സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ ചിറയിൻകീഴ് പഞ്ചായത്തിൽ സ്ഥലപരിമിതിയുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ ചിറയിൻകീഴ് സെക്ഷന്റെ പരിധിയിൽ വരുന്ന കിഴുവിലത്ത് സ്ഥലം ലഭ്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള നൈനാംകോണത്തെ 50 സെന്റ് സ്ഥലം 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കാനായി ഉപയോഗിക്കാം. 16,000ത്തിലധികം ഉപഭോക്താക്കളുള്ള വളരെ വിശാലമായ ഏരിയയാണ് ചിറയിൻകീഴ് സെക്ഷന്റെ കീഴിലുള്ളത്. ചിറയിൻകീഴ്, കിഴുവിലം, അഴൂർ, മുദാക്കൽ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളുടെ സിംഹഭാഗവും ഈ സെക്ഷന്റെ കീഴിലാണ്. അതിനാൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തകരാറ് പരിഹരിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുന്നു.

കടയ്ക്കാവൂർ കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള 33 കെ.വി സബ്‌സ്റ്റേഷനിൽ നിന്നു അവനവഞ്ചേരി 110 കെ.വി സബ്‌ സ്റ്റേഷനിലുമാണ് ചിറയിൻകീഴിലേക്ക് വൈദ്യുതി എത്തുന്നത്. കിലോമീറ്ററുകൾ അകലെ നിന്ന് വൈദ്യുതി എത്തുന്നതിനാൽ വിതരണത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. അവനവഞ്ചേരിയിലോ കടക്കാവൂരിലോ ഏതെങ്കിലും വിധത്തിൽ തകരാറുകൾ ഉണ്ടായാൽ ആ പ്രദേശങ്ങളിൽ ഉള്ള തകരാറുകൾ പരിഹരിച്ചു മാത്രമേ ചിറയിൻകീഴ് സെക്ഷനിലേക്ക് വൈദ്യുതി എത്തൂ. എന്നിട്ട് മാത്രമേ ഈ സെക്ഷന്റെ പരിധിയിൽ ഉണ്ടാകുന്ന തകരാറുകൾ കണ്ടുപിടിക്കാനാവൂ. ഇത് ഇവിടെ വൈദ്യുതി പുനഃ സ്ഥാപിക്കാൻ കാലതാമസമുണ്ടാക്കുന്നു.