chennithala

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് 100 ദിനം പിന്നിട്ടും പുനരധിവാസത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും വാചകമടിയല്ലാതെ ഒന്നും നടക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ പുനർനിർമാണത്തിന്റ രൂപരേഖ പോലും തയാറാക്കാൻ കഴിഞ്ഞിട്ടില്ല. 4000 കോടി മാത്രം കൈവശമുള്ളപ്പോൾ 40,000 കോടിയുടെ പ്രഖ്യപനം നടത്തിയ മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണ്. കേന്ദ്രത്തിലെ ബി.ജെപി സർക്കാർ കേരളത്തോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്.
സി.പി.എമ്മുകാരല്ലാത്തവർക്ക് 10,000 രൂപ ധനസഹായം പോലും കിട്ടുന്നില്ല.

ചെറുകിട വ്യാപാരികൾക്കടക്കം 10 ലക്ഷം രൂപ പലിശരഹിത വായ്പ ലഭിക്കുമെന്ന് പ്രഖ്യാപനമുണ്ടാെയങ്കിലും കിട്ടിയില്ല. കുടുംബശ്രീ വായ്പയും പലർക്കും ലഭിച്ചില്ല. കാർഷികവായ്പക്ക് മൊറേട്ടാറിയം ഏർപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും ബാങ്കുകൾ കർഷകർക്ക് ജപ്തി നോട്ടീസ് അയക്കുകയാണ്. കാർഷികമേഖലയിൽ 203.84 കോടിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

16,661 വീടുകൾ പൂർണമായും 2.21 ലക്ഷം വീടുകൾ ഭാഗീകമായും തകർന്നു. ഇവർക്ക് വീട് വയ്ക്കുവാൻ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആകെ നൽകിയത് 16 കോടി രൂപയും. ധനസമാഹരണം യജ്ഞം ആകെ പാളി. ക്രൗഡ് ഹണ്ടിംഗ് പരാജയമായിരുന്നു. സാലറി ചലഞ്ച് ഗുണ്ടാപിരിവാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചത്. ഹോംവർക്ക് ചെയ്യാതെയാണ് മന്ത്രിമാരുടെ വിദേശയാത്ര നിശ്ചയിച്ചത്. യാത്രമുടങ്ങിയതുകൊണ്ട് യാത്രക്കൂലി ലാഭിച്ചു. പ്രളയത്തിന്റെ മറവിൽ സംസ്ഥാനത്തെ പദ്ധതി നിർവഹണം വെട്ടിക്കുറയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.