sarkksra

ചിറയിൻകീഴ്: ശാർക്കര റെയിൽവേ ഗേറ്റിന് സമീപം പാളത്തിലെ വിള്ളൽ പരിഭ്രാന്തി ഉളവാക്കി. ഇന്നലെ രാവിലെ 8.30ന് ബാംഗ്‌ളൂർ- കൊച്ചുവേളി സൂപ്പർ എക്സ്‌പ്രസ് കടന്നുപോയ ഉടനേയാണ് വിള്ളൽ കണ്ടത്. ട്രെയിൻ കടന്ന് പോയപ്പോൾ പതിവിലും ഉച്ചത്തിൽ ശബ്ദം കേട്ടിരുന്നു. തുടർന്ന് ഗേറ്റ് കീപ്പർ പരിശോധിച്ചപ്പോഴാണ് വിള്ളൽ കണ്ടെത്തിയത്. ഗേറ്റ് കീപ്പർ ഉടനേ വർക്കല സെക്‌ഷനിൽ വിവരം അറിയിച്ചു. മെക്കാനിക്കൽ സെക്‌ഷനിലുള്ളവർ കടയ്ക്കാവൂരിൽ ഉണ്ടായിരുന്നതിനാൽ ഉടൻ സ്ഥലത്തെത്തി. ഈസമയം ഈ ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ, പാളത്തിലെ വിള്ളൽമൂലം ട്രെയിനുകളൊന്നും വൈകിയില്ല. സംഭവശേഷം തിരുവനന്തപുരത്തേക്ക് ഈ ട്രാക്കിലൂടെയുള്ള ട്രെയിനുകൾ വേഗത കുറച്ച് കടത്തിവിട്ടു. പൊട്ടിയ റെയിൽ മാറ്റുന്നതടക്കമുള്ള ജോലികൾ ഇന്ന് നടത്തുമെന്നാണ് അറിയുന്നത്. ഇതിനുവേണ്ടി ശാർക്കര ഗേറ്റ് ഇന്ന് ഭാഗികമായി അടച്ചിടും.