sabarimala-verdict

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശന വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദ്ദേശം തേടി പൊലീസ് സുപ്രീം കോടതിയെ സമീപിക്കുന്നു. യുവതികൾക്ക് ദർശനം സാദ്ധ്യമാക്കാനും സമരക്കാർ പ്രശ്നം സൃഷ്ടിക്കാതിരിക്കാനും കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് വിധി പ്രഖ്യാപിച്ച സുപ്രീം കോടതി തന്നെ വഴിയും കാട്ടട്ടെ എന്ന നിലപാടിൽ പൊലീസ് എത്തിയത്. സർക്കാരും ഇതിനെ അനുകൂലിച്ചെന്നാണ് സൂചന. അതേസമയം പൊലീസിന്റെ ഹർജിക്കെതിരെ ഭക്തരും കക്ഷിചേർന്നേക്കും

യുവതീ പ്രവേശന വിധിക്കെതിരെ 48 റിവ്യൂ ഹർജികളും ദേവസ്വം ബോർഡിന്റെ സാവകാശഹർജിയും നിലവിലുണ്ട്. അതിനു പുറമേയാണ് പൊലീസിന്റെ ഹർജിയും എത്തുന്നത്.

ഉന്നത പൊലീസ് ഓഫീസർമാർ ഡൽഹിയിൽ പ്രമുഖ അഭിഭാഷകരുമായി ഇന്നലെ ചർച്ച നടത്തി. ബുധനാഴ്ചയോടെ ഹർജി സമർപ്പിച്ചേക്കും.

വിധി നടപ്പാക്കുന്നതിനോട് എതിർപ്പ് ശക്തമായപ്പോൾ, അതിനെ മറികടക്കാൻ തീർത്ഥാടകരെ ബാധിക്കുന്ന നിയന്ത്രണങ്ങളാണ് പൊലീസ് കൊണ്ടുവന്നത്. തീർത്ഥാടക വേഷത്തിൽ വരുന്ന സമരക്കാരെ തിരിച്ചറിയാനാവില്ല എന്നാണ് പൊലീസിന്റെ ന്യായീകരണം. കൂട്ടംചേർന്നുള്ള ശരണം വിളികളും നാമജപങ്ങളും പൊലീസ് നിയന്ത്രിച്ചു. സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതും ആറുമണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കി മടങ്ങണമെന്ന ഉപാധിയും വിമർശനത്തിന് ഇടവരുത്തി. ഇതിനെതിരെ നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തി. പല ഹർജികളിലും പൊലീസിനെ ഹൈക്കോടതി വിമർശിക്കുകയും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അഡ്വക്കേറ്റ് ജനറലിനെ ഹൈക്കോടതി വിളിച്ചുവരുത്തി വിശദീകരണം തേടി. നിയന്ത്രണങ്ങളെക്കുറിച്ച് ഡി.ജി.പിക്ക് സത്യവാങ്മൂലം നൽകേണ്ടി വന്നു. ഇൗ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ തന്നെ മാർഗ്ഗനിർദ്ദേശം നേടാൻ പൊലീസ് ശ്രമിക്കുന്നത്.

ഭക്തരെ ഉപദ്രവിക്കുന്നില്ലെന്നും പ്രതിഷേധം തടയാനാണ് ശ്രമിക്കുന്നതെന്നുമാണ് പൊലീസ് സുപ്രീം കോടതിയിൽ വാദിക്കുക.

പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടകരുടെ എണ്ണം അസാധാരണമായി കുറഞ്ഞു. വരുമാനവും ഇടിഞ്ഞു. ഇത് ദേവസ്വംബോർഡിനെയും ആശങ്കയിലാക്കി. പതിനയ്യായിരത്തിലേറെ പൊലീസുകാരുടെ ചെലവും ദേവസ്വം ബോർഡ് വഹിക്കേണ്ടി വരുന്നു.