പാലോട്: തൃക്കാർത്തികയെ വരവേറ്റുകൊണ്ട് പാലോട് ഗവ. എൽ.പി സ്കൂൾ മുറ്റത്തുനടന്ന കുട്ടികളുടെ കാർത്തിക ചന്ത ശ്രദ്ധേയമായി. നന്ദിയോട് കൃഷിഭവനുമായി സഹകരിച്ചു നടന്ന ചന്തയിൽ അമ്മക്കൂട്ടം അംഗങ്ങളും ആഗ്രോസ് ചന്തയിലെ കർഷകരും ഉത്പന്നങ്ങൾ എത്തിച്ചു. വാർഡ് അംഗം അനിതാകൃഷ്ണൻ കാർത്തിക ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി.എൽ. രാജീവിന്റെ അദ്ധ്യക്ഷതയിൽ നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാർ കാർത്തികയും കൃഷിയും തമ്മിലുള്ള ബന്ധം വിശദീകരിച്ചു. എച്ച്.എം ജെ. ഗിരിജ, റിട്ട. എച്ച്.എം കെ. ശിവദാസൻ, സ്റ്റാഫ് സെക്രട്ടറി സബീഹബീവി, ശ്രീജിത് എന്നിവർ സംസാരിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും കർഷകനുമായ മൈലമൂട് പ്രഭാകരൻ നായർ കൊണ്ടു വന്ന ആകാശവെള്ളരി ഏവർക്കും കൗതുകമായി. കർഷക ദമ്പതികളായ ജി. കരുണാകരൻ, ചന്ദ്രിക എന്നിവർ സ്കൂളിന് സൗജന്യമായി പച്ചക്കറികൾ സമ്മാനിച്ചു. കർഷകൻ പെരിങ്ങമ്മല ഇസ്മായിലും ഉത്പന്നങ്ങൾ എത്തിച്ചു. കർഷകരെയും ചടങ്ങിൽ ആദരിച്ചു. നന്ദിയോട് എസ്.കെ.വി എൻ.എസ്.എസ് യൂണിറ്റിലെ അംഗങ്ങൾ കാർത്തിക ചന്തയിൽ സന്നദ്ധ പ്രവർത്തകരായി.