മൂന്നാം ട്വന്റി 20 യിൽ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചു
. ട്വന്റി 20 പരമ്പരക്കിരീടം ഇന്ത്യയും
ആസ്ട്രേലിയയും പങ്കുവച്ചു.
സിഡ്‌നി : മൂന്നാം മത്സരത്തിൽ ആറുവിക്കറ്റിന് ആസ്ട്രേലിയയെ കീഴടക്കി ഇന്ത്യ പര്യടനത്തിലെ ട്വന്റി 20 പരമ്പര 1-1ന് സമനിലയിലാക്കി കപ്പ് പങ്കുവച്ചു.
ഇന്നലെ സിഡ‌്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഒാവറിൽ 164/6 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്തും ആറ് വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. പരമ്പരയിലെ ആദ്യമത്സരത്തിൽ ആസ്ട്രേലിയ ജയിച്ചിരുന്നു. രണ്ടാം മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ബൗളിംഗിൽ ക്രുനാൽ പാണ്ഡ്യയുടെയും (4/36) ബാറ്റിംഗിൽ വിരാട് കൊഹ്‌ലി (61) യുടെയും ശിഖർ ധവാന്റെയും (41) മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ക്രുനാലാണ് മാൻ ഒഫ് ദ മാച്ച്.
ടോസ് നേടിയിറങ്ങിയ ആസ്ട്രേലിയയ്ക്കുവേണ്ടി ഡി ആർസി ഷോർട്ടും (33) , ക്യാപ്ടൻ ആരോൺ ഫിഞ്ചും (25) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 51 പന്തുകളിൽ 68 റൺസ് കൂട്ടിച്ചേർത്ത ഒാപ്പണിംഗ് സഖ്യത്തെ കുൽദീപ് യാദവാണ് വിതച്ചത്. കുൽദീപിന്റെ പന്തിൽ സ്വിപ് ചെയ്യാൻ ശ്രമിച്ച ഫിഞ്ചിനെ ഷോർട്ട് ഫൈൻ ലെഗിൽ ക്രുനാൽ പാണ്ഡ്യ പിടികൂടുകയായിരുന്നു.
അടുത്ത ഒാവർ ബൗൾ ചെയ്യാനെത്തിയ ക്രുനാൽ ആദ്യ രണ്ട് പന്തുകളിൽ ഷോർട്ടിനെയും മക്‌ഡർ മോട്ടിനെയും (0) എൽ.ബിയിൽ കുരുക്കി ഹാട്രിക്കിന്റെ വക്കിലെത്തി. ഇതോടെ ഒാസീസ് 73/3 എന്ന നിലയിലായി. തുടർന്ന് 14-ാം ഒാവറിൽ ക്രുനാൽ ഗ്ളെൻ മാക്‌സ്‌വെല്ലിനെയും (13), 16-ാം ഒാവറിൽ അലക്സ് കാരേയെയും (27), മടക്കിഅയച്ചു. 18-ാം ഒാവറിൽ ക്രിസ്‌ലിൻ (13) റൺ ഒൗട്ടായപ്പോൾ ഒാസീസ് സ്കോർ 131/6 എന്ന നിലയിലായിരുന്നു.
അവസാന 16 പന്തുകളിൽ നിന്ന് സ്റ്റോയ്‌നിസും (25), കൗട്ടർ നിയെയും (13) ചേർന്ന് 33 റൺസടിച്ച് 164/6 ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിതും (23), ധവാനും (41) ചേർന്ന് 5.3 ഒാവറിൽ അടിച്ചുകൂട്ടിയത് 67 റൺസാണ്. കഴിഞ്ഞ കളിയിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്ന ധവാൻ അതിന്റെ തുടർച്ചയെന്നോണമാണ് ബാറ്റ് വീശിയത്. 22 പന്തുകളിൽ ആറ് ഫോറുകളും രണ്ട് സിക്സുമടക്കം 41 റൺസടിച്ച ധവാനെ ആറാം ഒാവറിൽ മിച്ചൽ സ്റ്റാർക്ക് എൽ.ബി ഡബ്ളിയുവിൽ കുരുക്കുകയായിരുന്നു.
അടുത്ത ഒാവറിൽ ടീം സ്കോർ 67 ൽ ത്തന്നെ നിൽക്കെ രോഹിത് ശർമ്മയും കൂടാരം കയറി. ഇന്ത്യയെ സമ്മർദ്ദത്തിലാക്കി ആദം സാംവയുടെ പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു രോഹിത്.
എന്നാൽ ക്രീസിൽ കാലുറപ്പിച്ചുനിന്ന വിരാട് കൊഹ്‌ലി നായകന്റെ ഉത്തരവാദിത്വത്തോടെ ബാറ്റുവീശിയപ്പോൾ കളിയുടെ ഗതി മാറി ലോകേഷ് രാഹുൽ (14), റിഷഭ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും 14-ാം ഒാവർ മുതൽകൂട്ടിനെത്തിയ ദിനേഷ് കാർത്തിക് (22 നോട്ടൗട്ട്) ക്യാപ്ടന്റെ പോരാട്ടത്തിന് പിന്തുണ പകർന്നു. 41 പന്തുകൾ നേരിട്ട കൊഹ്‌ലി നാലുഫോറും രണ്ട് സിക്‌സുമടിച്ചു. 18 പന്ത് നേരിട്ട കാർത്തിക് ഒാരോ ഫോറും സിക്സുമാണ് പറത്തിയത്.
ആസ്ട്രേലിയ 164/6
ഷോർട്ട് എൽ.സി.ബി ക്രുനാൽ 33, ഫിഞ്ച് സി ക്രുനാൽ ബി കുൽദീപ് 28, മക്‌സ്ബൽ സി രോഹിത് ബി ക്രുനൽ 13, മക്‌ഡർമോട്ട് എൽ.ബി.ബി ക്രുനാൽ 0, അലക്സ് കാരേയ് സി കൊഹ്‌ലി ബി ക്രുനാൽ 27, ക്രിസ്‌ലിൻ റൺ ഒൗട്ട് 13, സ്റ്റോയ്‌നിസ് നോട്ടൗട്ട് 25, കൗട്ടർ നിലെ നോട്ടൗട്ട് 13, എക്സ്ട്രാസ് 12, ആകെ 20 ഒാവറിൽ 164/6.
വിക്കറ്റ് വീഴ്ച: 1-68, 2-73, 3-73, 4-90, 5-119, 6-131.
ബൗളിംഗ് : ഭുവനേശ്വർ 4-0-33-0, ഖലീൽ 4-0-3-0, ബുംറ 4-0-38-0, കുൽദീപ് 4-0-19-1, ക്രുനാൽ 4-0-36-4.
ഇന്ത്യ 168/4
രോഹിത് ശർമ്മ ബി ആദം സാംപ 23, ശിഖർധവാൻ എൽ.ബി ബി മിച്ചൽ സ്റ്റാർക്ക് 41, വിരാട് കൊഹ്‌ലി നോട്ടൗട്ട് 61, ലോകേഷ് രാഹുൽ സി കൗട്ടർനിലൊ ബി മാക്‌സ്‌വെൽ 14, ഋഷഭ് പന്ത് സി കാരേയ്‌ബി ടൈ 0, ദിനേഷ് കാർത്തിക് നോട്ടൗട്ട് 22, എക്സ്ട്രാസ് 7, ആകെ 19.4 ഒാവറിൽ 168/4.
വിക്കറ്റ് വീഴ്ച : 1-67, 2-67, 3-108, 4-108.
ബൗളിംഗ് : സ്റ്റാർക്ക് 4-0-26-1, കൗട്ടർനിലെ 3-0-40-0, സ്റ്റോയ്നിസ് 1-0-22-0, സാംപ 4-1-22-1 , മാക്സവെൽ 4-0-25-1, ടൈ 3-4-0-32-1.