തിരുവനന്തപുരം: സാക്ഷരതാ മിഷനും നിയമസഭയും ചേർന്ന് സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വി.ജെ.ടി ഹാളിൽ രാവിലെ 11 ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. ഉദ്ഘാടന ചടങ്ങിനു മന്നോടിയായി രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നാരംഭിക്കുന്ന ഭരണഘടനാ സാക്ഷരതാ സന്ദേശറാലി ഉണ്ടായിരിക്കും. സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കൾ, ജീവനക്കാർ, പ്രേരക്മാർ, വിദ്യാർത്ഥികൾ, സാക്ഷരതാ പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കേരള നിയമസഭാ മ്യൂസിയം പ്രത്യേക പ്രദർശനം വി.ജെ.ടി ഹാളിൽ ഒരുക്കും. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ പ്രമാണങ്ങൾ സാധാരണക്കാരെ പഠിപ്പിക്കാനുള്ള ദൗത്യമാണ് തുടർന്നുള്ള ദിവസങ്ങളിൽ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുക. 2019 ലെ റിപ്പബ്ലിക് ദിനത്തിൽ സമാപിക്കും.