ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സിലോൺ സന്ദർശനത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ശ്രീലങ്കയിലെത്തിയ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലുളള സംഘത്തിന് ശ്രീനാരായണ സൊസൈറ്റി ഭാരവാഹികളും ശ്രീലങ്കൻ മലയാളി സമൂഹവും ബുദ്ധഭിക്ഷുക്കളും ഊഷ്മള വരവേല്പ് നൽകി. സമ്മേളനം, സത്സംഗങ്ങൾ, പ്രാർത്ഥന തുടങ്ങിയവയായിരുന്നു ചടങ്ങുകൾ. ലോകമെമ്പാടും പ്രവർത്തിക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങൾ പരസ്പരമുളള തെറ്റിധാരണകൾ തീർത്ത് ശ്രീനാരയണീയരുടെ ആത്മീയകേന്ദ്രമായ ശിവഗിരി മഠത്തിന്റെ കീഴിൽ അണിനിരക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ശ്രീലങ്കയിലെ കൊച്ചിക്കടയിൽ ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ച ശിവക്ഷേത്രത്തിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു. ഒത്തൊരുമയുടെ തെളിവാണ് ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തിൽ കണ്ടത്. അത് നിലനിർത്താനും ശക്തമാക്കാനും ഏവരും ശ്രമിക്കണമെന്ന് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
ബുദ്ധഭിക്ഷു കൊണ്ടഗോഡ വിമലദമ്മതെറോയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ശ്രീലങ്കൻ സാംസ്കാരിക മന്ത്റി സ്വാമിനാഥൻ, സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ശ്രീനാരായണ സൊസൈറ്റി പ്രസിഡന്റ് എം.കെ.രാഹുലൻ, വൈസ് പ്രസിഡന്റ് സുരേന്ദ്രമാധവൻ, ശ്രീലങ്കൻ വ്യവസായി പ്രകാശ്, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ശ്രീനാരായണ ഗുരുദേവനും സ്വാമി വിവേകാനന്ദനും സന്ദർശിച്ചിട്ടുളള ശിവക്ഷേത്രത്തിന് 700 വർഷത്തിലേറെ പഴക്കമുണ്ട്. നൂറു വർഷം മുമ്പ് ഗുരുദേവൻ ശ്രീലങ്കയിൽ വന്നിറങ്ങിയ മറദാന റെയിൽവെ സ്റ്റേഷനും സംഘം സന്ദർശിച്ചു. ശ്രീബുദ്ധന്റെ ദിവ്യദന്തം സൂക്ഷിച്ചിട്ടുളള കാന്റിയിൽ ശിവഗിരി സംഘം ഇന്ന് സന്ദർശനം നടത്തും. തുടർന്ന് നൂറുവർഷം മുമ്പ് സിലോണിൽ ഗുരുദേവൻ സന്ദർശിച്ച സ്ഥലങ്ങളിലൂടെ സ്മൃതിയാത്ര നടത്തും. 28ന് ശിവഗിരി സംഘം മടങ്ങിയെത്തും.