vs

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാനേതാവ് നൽകിയ പീഡന പരാതിയിൽ ഷൊർണ്ണൂർ എം.എൽ.എയും പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ പാർട്ടി നടപടി ഇന്ന് സി.പി.എം സംസ്ഥാനസമിതി തീരുമാനിക്കും. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും ഉൾപ്പെട്ട അന്വേഷണകമ്മിഷന്റെ റിപ്പോർട്ടിൽ ശശിക്കൊപ്പം, ശശി ഉന്നയിച്ച ഗൂഢാലോചനാ ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ മറ്റ് ചിലർക്കെതിരെയും സി.പി.എം അച്ചടക്കനടപടി വന്നേക്കും.

അതിനിടെ, പീഡന ആരോപണവിധേയനായ നേതാവിനെതിരെ പാർട്ടിനടപടി വൈകുന്നതിൽ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചു. ആക്ഷേപങ്ങൾ ശരിയെങ്കിൽ, പാർട്ടി നടപടി വൈകിക്കുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കും. അങ്ങനെയരാളെ ജാഥ നയിക്കാനും മറ്റും ചുമതലപ്പെടുത്തുന്നത് ശരിയായ സന്ദേശമാകില്ല നൽകുന്നതെന്നും വി. എസ് കത്തിൽ ചൂണ്ടിക്കാട്ടി.

ശശിക്കെതിരെ എന്ത് നടപടിയാകും സി.പി.എം എടുക്കുകയെന്ന് വ്യക്തമല്ല. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പരാതി പാടേ തള്ളിക്കളഞ്ഞിട്ടില്ലെന്നാണറിയുന്നത്. അതേസമയം, ശശി ഉന്നയിച്ച ഗൂഢാലോചന ആരോപണത്തിലും കഴമ്പുണ്ടെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. അന്വേഷണകമ്മിഷൻ റിപ്പോർട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചിരുന്നു. ഷൊർണ്ണൂരിൽ പാർട്ടിയുടെ കാൽനടപ്രചരണ ജാഥ നയിക്കാൻ സ്ഥലം എം.എൽ.എ എന്ന നിലയിൽ ശശിയെ ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ വെള്ളിയാഴ്ചത്തെ സംസ്ഥാനകമ്മിറ്റി തീരുമാനം മാറ്റുകയായിരുന്നു. ജാഥ ഇന്നലെ അവസാനിക്കുന്നതിനാലാണ് അടിയന്തരമായി ഇന്ന് വീണ്ടും സംസ്ഥാന കമ്മിറ്റി വിളിച്ചത്.