മിഥാലിയെ പുറത്തിരുത്താൻ ചരടുവലിച്ചത്
ഹർമൻ പ്രീത് കൗറെന്ന് ആരോപണം
ന്യൂഡൽഹി : ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ളണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആഭ്യന്തര കലഹത്തിൽപ്പെട്ടുഴലുന്നു. മുൻ നായികയും മികച്ച ബാറ്റിംഗിന് ഉടമയുമായ മിഥാലിയെ സെമിഫൈനലിൽ കളിപ്പിക്കാതിരുന്നതാണ് വിവാദമായത്. ക്യാപ്ടൻ ഹർമൻപ്രീത് കൗറും കോച്ച് രമേശ് പൊവാറും ചേർന്ന് മിഥാലിയെ മനപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് മിഥാലിയുടെ മാനേജർ പരസ്യ ആരോപണവുമായി രംഗത്തുവന്നതാണ് വിഷയം ചൂടുപിടിപ്പിച്ചത്.
. ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിച്ചിരുന്ന ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ അയർലൻഡിനെതിരെ മിഥാലിയെ ഒഴിവാക്കിയിരുന്നു.
. അതിനുമുമ്പ് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ മിഥാലി അർദ്ധ സെഞ്ച്വറി നേടിയിരുന്നു.
. സെമി ഫൈനലിന് തൊട്ടുമുമ്പ് വിൻഡീസിലുണ്ടായിരുന്ന സെലക്ടർമാരും കോച്ച് പൊവഗും ക്യാപ്ടൻ ഹർമൻപ്രീത് കൗറും ചേർന്നാണ് ഫൈനൽ ഇലവനെ നിശ്ചയിച്ചത്.
. അയർലൻഡിനെതിരെ വിജയിച്ച ടീമിനെത്തന്നെ സെമിയിൽ കളിപ്പിച്ചാൽ മതിയെന്നും മിഥാലിക്ക് പകരം ഒരു ബൗളർ കളിക്കുന്നതാണ് നല്ലതെന്നും ഇൗ മീറ്റിംഗാണ് തീരുമാനിച്ചത്.
ബി.സി.സി.ഐ ഇടപെട്ടു
മിഥാലിയുടെ മാനേജരുടെ ആരോപണം രംഗം വഷളാക്കിയതോടെ ബി.സി.സി.ഐ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. സെമിഫൈനലിന് മുമ്പുള്ള സെലക്ഷൻ കമ്മിറ്റി മീറ്റിംഗിന്റെ വിശദവിവരങ്ങൾ ബി.സി.സി ഐ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീമിന്റെ ഫെർഫോമൻസ് റിപ്പോർട്ടും മിഥാലിയുടെ ഫിറ്റ്നസ് റിപ്പോർട്ടും ടീം മാനേജർ തൃപ്തി ഭട്ടാചാര്യ ഇന്ന് കൈമാറും. ഹർമൻ പ്രീതിനെയും പൊവാറിനെയും മിഥാലിയെയും ഇന്ന് ബി.സി.സി.ഐ വിശദ വിവരങ്ങൾ ആരായാൻ വിളിച്ചുവരുത്തിയിട്ടുണ്ട്.
''നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കപ്പെടുന്നത് പുത്തരിയൊന്നുമല്ല. എനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. ഞാൻ ക്യാപ്ടൻസി ഒഴിഞ്ഞശേഷം മിഥാലിയെപ്പോലെ ഡ്രസിംഗ് റൂമിലിരിക്കേണ്ടിവന്നിട്ടുണ്ട്.
സൗരവ് ഗാംഗുലി.