റോം : ഇറ്റാലിയൻ സെരി ഏഴ് ബാളിൽ യുവന്റസിന് വേണ്ടി സ്പാലിനെതിരെ ഗോളടിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതോടെക്ളബിനുവേണ്ടി എല്ലാ മത്സരങ്ങളിൽ നിന്നുമായി ഏറ്റവും വേഗത്തിൽ 10 ഗോളുകൾ തികയ്ക്കുന്ന താരമായി ക്രിസ്റ്റ്യാനോ റെക്കഡിടുകയും ചെയ്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് സ്പാലിനെ കീഴടക്കിയത്. 28-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ ആദ്യഗോളടിച്ചത്. 60-ാം മിനിട്ടിൽ മരിയോ മൻസൂക്കിച്ചാണ് രണ്ടാം ഗോൾ നേടിയത്.
ഇൗ വിജയത്തോടെ 13 മത്സരങ്ങളിൽനിന്ന് 37 പോയിന്റുമായി യുവന്റസ് സെരി എയിൽ ഒന്നാമതാണ്. 28 പോയിന്റുള്ള നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്. സെരി എയിൽ നടന്ന മറ്റ് മത്സരങ്ങളിൽ യുഡിനെസ് 1-0 ത്തിന് എ.എസ്. റോമയെയും ഇന്റർ മിലാൻ 3-0 ത്തിന് ഫ്രോസിനോണിനെയും തോൽപ്പിച്ചു.
സ്‌പാനിഷ് ലാലിഗയിൽ കഴിഞ്ഞദിവസം നടന്ന സൂപ്പർ ടീമുകളുടെ പോരാട്ടത്തിൽ ബാഴ്സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 77-ാം മിനിട്ടിൽ ഡീഗോ കോസ്റ്റയിലൂടെ ആതിഥേയരാണ് ആദ്യം സ്കോർ ചെയ്തത്. 90-ാം മിനിട്ടിൽ ഡെംബെലെയിലൂടെയാണ് ബാഴ്സ സമനില പിടിച്ചത്. ഇതോടെ 13 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി ഒന്നാംസ്ഥാനം നിലനിറുത്താൻ ബാഴ്സയ്ക്ക് കഴിഞ്ഞു.
ലാലിഗയിലെ മറ്റ് മത്സരങ്ങളിൽ അത്‌ലറ്റിക് ക്ളബും ഗെറ്റാഫെയും 1-1നും ലെവാന്റെയും ഹ്യുയേസ്കയും 2-2നും സമനിലയിൽ പിരിഞ്ഞു. റയൽ മാഡ്രിഡ് കഴിഞ്ഞദിവസം എയ്ബറിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു.
ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞരാത്രി വെസ്റ്റ് ഹാം യുണൈറ്റഡിനെ 4-0 ത്തിന് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. വെസ്റ്റ് ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലെറോയ് സാനേ രണ്ട് ഗോൾ നേടി. ഡേവിഡ് സിൽവയും റഹിം സ്റ്റെയർലിംഗും ഒാരോ ഗോളടിച്ചു. വാറ്റ് ഫോർഡിനെ 3-0ത്തിന് തോൽപ്പിച്ച ലിവർപൂളാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദ് സലാ, അലക്സാണ്ടർ അർനോൾഡ്, റോബർട്ടോ ഫിർമിനോ എന്നിവരുടെ ഗോളുകൾക്കാണ് ലിവർപൂൾ വിജയം കണ്ടത്.
മുൻ ചാമ്പ്യൻമാരായ ചെൽസിയെ 3-1ന് തകർത്ത് ടോട്ടൻഹാം മൂന്നാംസ്ഥാനത്തെത്തിയിട്ടുണ്ട്. ഡെല്ലി അല്ലി, ഹാരികേൻ, സൺ ഹുയേംഗ് മിൻ എന്നിവരാണ് ടോട്ടൻ ഹാമിനുവേണ്ടി ഗോളുകൾ നേടിയത്. ഒലിവർ റൗഡ് ചെൽസിയുടെ ആശ്വാസഗോൾ നേടി.
പ്രധാന മത്സരഫലങ്ങൾ
സെരി എ
യുവന്റസ് 2-സ്പാൽ 0
ഉഡിസെ് 1-റോമ 0
ഇന്റർമിലാൻ 3-ഫ്രോസിനോൺ 0
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
മാഞ്ചസ്റ്റർ സിറ്റി 4- വെസ്റ്റ്ഹാം 0
ടോട്ടൻഹാം 3-ചെൽസി 1
ലിവർപൂൾ 3-വാറ്റ്‌ഫോർഡ് 0
മാൻ. യുണൈറ്റഡ് 0-ക്രിസ്റ്റൽ പാലസ് 0
സ്പാനിഷ് ലാലിഗ
ലെവാന്റെ 2-ഹ്യൂയെസ്ക 2
ബാഴ്സലോണ 1-അത്‌ലറ്റിക്കോ 1