കൊല്ലം: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ ഇന്നലെ അർദ്ധരാത്രി കത്തിച്ചു. നീണ്ടകര ടാഗോർ നഗർ മനപ്പാട്ട് ബിനുഭവനിലാണ് രണ്ട് ഇരു ചക്ര വാഹനങ്ങളും ഒരു കാറും അഗ്നിക്ക് ഇരയായത്. ബൈക്കും സ്‌കൂട്ടറും പൂർണമായും കാറ് ഭാഗികമായും കത്തി നശിച്ചു.
കെ.എസ്.ഇ.ബി ജീവനക്കാരനായ ബിനുവിന്റെ വാഗണർ കാറാണ് കത്തിയത്. ബിനുവിന്റെ വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്‌ക്ക് താമസിക്കുന്ന സുലയുടെ സ്‌കൂട്ടറും അയൽപക്കത്തെ ജയശ്രീ നിവാസിലെ ജഗന്നാഥിന്റെ പൾസർ ബൈക്കുമാണ് പൂർണമായി കത്തി നശിച്ചത്.
സുലയുടെ സ്‌കൂട്ടറിനാണ് ആദ്യം തീ പിടിച്ചത്. സ്‌കൂട്ടറിന്റെ ടയർ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴേക്കും ബിനുവും കുടുംബാംഗങ്ങളും ഉണർന്നു. അപ്പോഴേക്കും തീ കാറിലേക്കും പൾസർ ബൈക്കിലേക്കും പടർന്നിരുന്നു.
കാറിലെത്തിയവരാണ് വാഹനങ്ങൾ കത്തിച്ചതെന്ന് സൂചനയുണ്ട്. ഈ സമയം ഒരു കാർ ബിനുവിന്റെ വീടിന് സമീപം നിറുത്തിയിട്ടിരുന്നതായി സമീപത്തെ വീട്ടിലെ സുരക്ഷാ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സുലയുടെ സ്‌കൂട്ടറാണ് ലക്ഷ്യമിട്ടതെന്നും തീ അബദ്ധത്തിൽ മറ്ര് വാഹനങ്ങളിലേക്ക് പടർന്നതാണെന്നും സംശയിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചു. സംഭവമറിഞ്ഞ് ഉടൻ ചവറ പൊലീസ് സ്ഥലത്തെത്തി. ഇന്ന് ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുക്കും. സുല ചിലരെ കുറിച്ച് പൊലീസിനോട് സംശയം പ്രകടിപ്പിച്ചതായി വിവരം ലഭിച്ചു. സുലയുടെ ഭർത്താവ് തമിഴ്‌നാട്ടിലാണ്.