mathew-t-thomas

തിരുവനന്തപുരം: കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജലവിഭവ മന്ത്രി മാത്യു.ടി. തോമസ് ഇന്നലെ രാവിലെ എട്ടരയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് സമർപ്പിച്ചു.

അടച്ചിട്ട മുറിയിൽ 20 മിനിറ്റോളം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. ‌രാജിക്കത്ത് വാങ്ങിയ മുഖ്യമന്ത്രി, സർക്കാരിനും സമൂഹത്തിനും താങ്കളെക്കുറിച്ച് നല്ലതേ പറയാനുള്ളൂ എന്ന് പ്രതികരിക്കുകയും ചെയ്തു.

ഭാര്യ അച്ചാമ്മ അലക്സിനെയും കൂട്ടിയാണ് ഔദ്യോഗിക വാഹനത്തിൽ മന്ത്രി എത്തിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല ഇരുവരെയും സ്വീകരിച്ചു.

രാജി നിരുപാധികമാണെന്നും പാർട്ടി പിളരില്ലെന്നും ക്ളിഫ് ഹൗസിനു പുറത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംതൃപ്തനല്ലെങ്കിലും മന്ത്രിയെന്നനിലയിൽ നല്ല കാര്യങ്ങൾ ചെയ്യാനായി. വലതുപക്ഷത്തേക്ക് പോകില്ല. ഇടതുപക്ഷത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവികസ്ഥാനം. ആറു കൊല്ലം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോട് ഭ്രമമില്ലെന്നും വ്യക്തമാക്കി.

പിന്നീട് നിയുക്ത മന്ത്രി കൃഷ്ണൻകുട്ടി വിളിച്ചതനുസരിച്ച് സ്വകാര്യ വാഹനത്തിൽ തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് പോയി. പതിനഞ്ച് മിനിറ്റോളം ഇരുവരും ചർച്ച നടത്തി. സൗഹാർദ്ദപരമായിരുന്നു കൂടിക്കാഴ്ചയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മാത്യു ടി തോമസ് പിന്തുണ ഉറപ്പുതന്നതായി കൃഷ്ണൻകുട്ടി പ്രതികരിച്ചു. തുടർന്ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലേക്കായിരുന്നു യാത്ര. സഹപ്രവർത്തകർക്കൊപ്പം കുറേനേരം ചെലവഴിച്ചശേഷം മടക്കയാത്ര. മന്ത്രിയുടെ ക്യാബിൻ ഇന്നലെ തന്നെ ഒഴിഞ്ഞു. ഓഫീസ് ജീവനക്കാർക്ക് മാറാൻ 15 ദിവസത്തെ സാവകാശമുണ്ട്. അതിനുമുമ്പ് പേഴ്സണൽ സ്റ്റാഫ് മാറും. ഔദ്യോഗിക വസതി ഒഴിയാൻ ഒരു മാസംവരെ സാവകാശം ലഭിക്കുമെങ്കിലും എത്രയും പെട്ടെന്ന് മാറാനാണ് തീരുമാനം. എം.എൽ.എ ഹോസ്റ്റലിൽ സ്പീക്കർ താമസിയാതെ മുറി അനുവദിക്കും.