തിരുവനന്തപുരം: ബി.ജെ.പി നേതാക്കന്മാർക്കെതിരെ കള്ളക്കേസെടുക്കുന്ന സർക്കാർ നടപടിയെ ശരണം വിളിയിലൂടെ നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
കെ. സുരേന്ദ്രനെതിരെ നിരന്തരമായി കള്ളക്കേസെടുത്ത് ജയിലിൽ അടയ്ക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി നേതൃത്വത്തിൽ ക്ളിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിഷ്പക്ഷനിലപാട് സ്വീകരിക്കേണ്ട മുഖ്യമന്ത്രി തന്നെ കള്ളക്കേസെടുക്കാൻ പൊലീസിനെ പ്രേരിപ്പിക്കുകയാണ്. പുറത്തുള്ള സുരേന്ദ്രനെക്കാൾ ശക്തനാണ് അകത്തുള്ള സുരേന്ദ്രനെന്ന് പിണറായി ഓർക്കണം. വർഷങ്ങൾക്ക് മുമ്പ് ടി.വി.രാജേഷിനെ അറസ്റ്റ് ചെയ്തപ്പോൾ കൂത്തുപറമ്പിൽ അക്രമം അഴിച്ചുവിട്ട പാർട്ടിയാണ് സി.പി.എം. ബി.ജെ.പി അക്രമ സമരത്തിന് എതിരായതുകൊണ്ടാണ് ഇപ്പോൾ അത്തരം സമരങ്ങൾ നടത്താൻ ശ്രമിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയാതെ മാദ്ധ്യമങ്ങളുടെ മുന്നിൽ അഭിനയിക്കാൻ മാത്രമേ കോൺഗ്രസിന് കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജെ.ആർ. പദ്മകുമാർ, ശോഭാ സുരേന്ദ്രൻ, മഹിളാ മോർച്ച നേതാവ് വി.ടി. രമ, കരമന ജയൻ തോട്ടക്കാട് ശശി, പാപ്പനംകോട് സജി തുടങ്ങിയവർ പങ്കെടുത്തു.