പൂവാർ: കോവളം കാരോട് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന വിഷയങ്ങളിലൊന്ന് റോഡിന്റെ പൂർത്തീകരണമാണ്. 2016 നവംബർ 15നാണ് എൽ ആൻഡ് ടി കമ്പനി ബൈപ്പാസിന്റെ നിർമ്മാണം ഏറ്റെടുക്കുന്നത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാക്കാത്തതിൽ വീണ്ടും ആറ് മാസം കൂടി കരാർ നീട്ടിക്കൊടുത്തു. ഈ കാലാവധിയും ഡിസംബറിൽ പൂർത്തിയാകും. നിലവിലെ നിർമ്മാണത്തിന്റെ നിലവാരം പരിശോധിച്ചാൽ ഇനിയും രണ്ട് വർഷം ലഭിച്ചാലും പൂർത്തിയാകില്ലെന്നതാണ് വസ്തുത. കൂടാതെ ബൈപ്പാസ് റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ പി.ഡബ്യൂ.ഡി റോഡും പഞ്ചായത്ത് റോഡുകളും തകർന്ന് നാമാവശേഷമായി കിടക്കുകയാണ്. അടിപ്പാതയ്ക്കും മേല്പാലത്തിനുമായി മുറിച്ച റോഡുകളുടെ സമാന്തര റോഡുകളുടെ അവസ്ഥയും ദയനീയമാണ്. മരപ്പാലം വേങ്ങപ്പൊറ്റയിലെ മേല്പാലം മാത്രമാണ് 95 ശതമാനത്തോളം പൂർത്തിയാക്കിയത്. എന്നാൽ ഈ പാലം യാത്രക്കാർക്കയി തുറന്നുകൊടുക്കാൻ പണിയുടെ കാര്യത്തിലും മറ്റ് നിയമപരമായ കാര്യത്തിലും തടസ്സങ്ങൾ ഏറെയാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്വന്തം കൃഷിഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ട ഭൂ ഉടമകൾ നഷ്ടപരിഹാരത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.