കല്ലമ്പലം: നെൽകൃഷിയിൽ നാടിന് ഒരു പാഠപുസ്തകമാവുകയാണ് പള്ളിക്കൽ സ്വദേശിനി റായിഫ ടീച്ചർ. റായിഫ ടീച്ചറുടെ ഒന്നരയേക്കർ കരപ്രദേശത്ത് നട്ട നെൽവിത്തുകൾ ഇക്കുറിയും നൂറുമേനിയാണ് വിളവ് തന്നത്. റായിഫ ടീച്ചറെ പോലുള്ള കർഷകരിലൂടെ നെൽകൃഷിയിലെ തങ്ങളുടെ നഷ്ട പ്രതാപം വിണ്ടെടുക്കുകയാണ് പള്ളിക്കൽ പഞ്ചായത്തും. കാലങ്ങളായി നെൽകൃഷി നടത്തിവന്ന റായിഫ ടീച്ചറിനും കുടുംബത്തിനും നഷ്ടത്തിന്റെ പേരിൽ മുൻപ് കൃഷി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെയും, പള്ളിക്കൽ പഞ്ചായത്ത് കൃഷിഭവന്റെയും പിന്തുണയിൽ കരനെൽ കൃഷിയിലേക്ക് തിരിഞ്ഞ ഈ കുടുംബത്തിന് കഴിഞ്ഞ വർഷത്തെപേലെ ഇക്കുറിയും നൂറുമേനി വിളവ് തന്നെ ലഭ്യമായി. ഏത് പ്രതികൂല കാലാവസ്ഥയിലും കൃഷി ചെയ്യാനുതകുന്ന ഉമ എന്നയിനം നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കൃഷിയുടെ ഓരോഘട്ടത്തിലും റായിഫ ടീച്ചർക്ക് പിന്തുണയുമായി പഞ്ചായത്തും കൃഷി ഭവനും ഒപ്പം നിന്നു. രാസവള പ്രയോഗം കുറച്ച് ജൈവവളങ്ങൾക്ക് പ്രാമുഖ്യം നൽകി ടീച്ചർ ചെയ്ത കൃഷിക്ക് നൂറുമേനിയെത്തിയതോടെ കൊയ്ത്തുത്സവവും സംഘടിപ്പിച്ചു. കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, വികസന സ്ഥിരംസമിതി അദ്ധ്യക്ഷ ബേബിസുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ നാസർഖാൻ, എസ്. പുഷ്പലത, പഞ്ചായത്തംഗങ്ങളായ സുധിരാജ്, നിസാമുദ്ദീൻ, പള്ളിക്കൽ നസീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.എ. റഹിം, കൃഷി ഓഫീസർ സ്മിത എന്നിവർ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.