പോത്തൻകോട്: അത്യാധുനിക ചികിത്സാസൗകര്യങ്ങളുള്ള ഒരു റഫറൽ ആശുപത്രി എന്ന ആശയം യാഥാർത്ഥ്യമായതിന്റെ നിറവിലാണ് മൃഗസംരക്ഷണ വകുപ്പ്. പേരൂർക്കട കുടപ്പനക്കുന്നിൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയാണ് ശ്രദ്ധേയമായ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നത്. 2012ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കില്ലിട്ട ആശുപത്രി കഴിഞ്ഞ ആഗസ്റ്റ് 9നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തത്. അപകടത്തിൽ പെട്ട് എത്തിക്കുന്ന മൃഗങ്ങൾക്ക് അടിയന്തര ഓപ്പറേഷനും കമ്പിയിട്ട് കൈകാലുകൾ ശരിയാക്കുന്നതടക്കമുള്ള മനുഷ്യ ശരീരത്തിൽ ചെയ്യാവുന്ന എല്ലാ ചികിത്സകളും ഇവിടെ ലഭിക്കും. അത്യാധുനിക വാർഡുകളിൽ സി.സി ടി.വി കാമറകളുടെ സഹായത്തോടെയാണ് 24 മണിക്കൂറും നിരീക്ഷിച്ചാണ് കിടത്തി ചികിത്സ നടത്തുന്നത്. കാൻസർ രോഗ ചികിത്സ വിഭാഗമായ ഓങ്കോളജി യൂണിറ്റ് ആർ.സി.സിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ബയോപ്‌സി എടുത്ത് അയച്ചുകൊടുത്ത് ലഭ്യമാകുന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടെ തുടർചികിത്സയും നടത്തുന്നുണ്ട്. ശ്രീചിത്ര മെഡിക്കൽ സെന്ററുമായി ചേർന്നാണ് ഹൃദ്രോഗ വിഭാഗം പ്രവർത്തിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങൾ
------------------------------------------
24 മണിക്കൂറും പ്രവർത്തിക്കുന്ന റഫറൽ ആശുപത്രിയാണിത്. വിശാലമായ ഹാളും അതിനോട് ചേർന്ന ഒ.പി വിഭാഗവും മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഒ.പിയോട് ചേർന്ന് തന്നെ ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗവും മികച്ച നിലവാരത്തത്തിൽ സജ്ജീകരിച്ചിട്ടുള്ള അനുബന്ധ മുറികൾ. മെഡിസിൻ, ഗൈനക്കോളജി, സർജറി, പാത്തോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയുടെ പ്രത്യേകത. ഏതു തരത്തിലുള്ള മൃഗങ്ങളെയും കിടത്തി ചികിത്സിക്കാൻ കഴിയുന്ന അത്യാധുനിക വാർഡും ക്രിട്ടിക്കൽ കെയർ യൂണിറ്റുമുണ്ട്. രോഗനിർണയ ലാബും മെഡിക്കൽ സ്റ്റോറും ആംബുലൻസ് സൗകര്യവും ലഭ്യമാണ്. സ്‌കാനിംഗ്, ഇ.സി.ജി, ലാപ്രോസ്കോപ്പി, എൻഡോസ്കോപ്പി തുടങ്ങിയ സൗകര്യങ്ങളുള്ള ആശുപത്രിയിൽ ഇനി എക്സ്റേ മെഷീൻ മാത്രമാണ് സ്ഥാപിക്കാനുള്ളത്.