വർക്കല: ഒരുകാലത്ത് ഇടവ പഞ്ചായത്തിന് പ്രാണവായുപോലെ പ്രധാനപ്പെട്ടതായിരുന്ന കുളങ്ങൾ അധികൃതരുടെ അനാസ്ഥമൂലം മാലിന്യ നിക്ഷേപകേന്ദ്രങ്ങളാകുന്നു. ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇടവയെ ജലസമൃദ്ധമാക്കിയിരുന്ന ഈ കുളങ്ങൾ ഭൗമോപരിതലത്തിലെ നീരുറവകളുടെ ലഭ്യതയും കൃത്യമായി ഉറപ്പു വരുത്തിയിരുന്നു. കോട്ടയിൽപാണികുളം, പൊട്ടക്കുളം, പൈക്കുളം, കുരുവിളക്കുളം, പുന്നകുളം, ചിറയിൽകുളം, മേൽകുളം, കാക്കുളം, കന്നിമേൽക്കുളം, ഓടുചുട്ടകുളം, പൂത്തകുളം എന്നിവ നീണ്ട പട്ടികയിൽ ചിലത് മാത്രം. എന്നാൽ ഇന്ന് ഇവയൊക്കെ നാമമാത്രമായി അവശേഷിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ സർക്കാരും ത്രിതല പഞ്ചായത്തുകളും ലക്ഷങ്ങൾ ചെലവഴിക്കുന്നുവെന്ന് പറയുമ്പോഴും പഞ്ചായത്തിലെ പൊതുകുളങ്ങളിൽ പലതും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ് വൃത്തിഹീനമായ നിലയിൽ തന്നെയാണ്. മാറിമാറി വരുന്ന പഞ്ചായത്തു ഭരണസമിതികൾ സമ്പൂർണ ശുചീകരണവാരം ആഘോഷമാക്കാറുണ്ടെങ്കിലും ഈ പരമ്പരാഗത ജലസ്രോതസുകളെ ആരും തിരിഞ്ഞുനോക്കിയില്ല. തോട്ടുവരമ്പുകളും റോഡിന്റെ വശങ്ങളും ചെത്തിമിനുക്കി ലക്ഷങ്ങൾ ചെലവിടുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയിലും കുളങ്ങൾ നവീകരിക്കാനുള്ള നടപടികളൊന്നും ഉൾപ്പെടുത്തുന്നില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കൊപ്പം പായലും ചെളിയും അറവുശാലകളിലെയും പൗൾട്രിഫാമുകളിലെയും മാലിന്യങ്ങളും കൊണ്ട് ദുർഗന്ധ പൂരിതമായ കുളങ്ങളിൽ പലതും കൊതുകുവളർത്തൽ കേന്ദ്രങ്ങളായി. അപൂർവയിനം ജീവികളുടെ ആവാസകേന്ദ്രമായിരുന്ന ഇവയ്ക്ക് ശുദ്ധജലവാഹിനികളെന്ന പരിഗണന പോലും പഞ്ചായത്ത് ഭരണസമിതികൾ നൽകിയില്ല. ഇവിടത്തെ വിവിധയിനം മത്സ്യങ്ങൾ, ആമകൾ, കുളക്കോഴികൾ, പൊന്മാനുകൾ തുടങ്ങിയവയൊക്കെ ഇന്ന് വംശനാശം നേരിടുകയാണ്. ഇടവയിലെ മിക്ക പാടശേഖരങ്ങൾക്കും മുകളിലായി ഒരു കുളമുണ്ടായിരുന്നു. ഇവയിൽ നിന്നുമാണ് കൃഷിക്കാവശ്യമായ ജലം എത്തിച്ചിരുന്നത്. പലയിടത്തും സ്വകാര്യ വ്യക്തികൾ കുളങ്ങൾ കയ്യേറി നികത്തി സ്വന്തമാക്കിയതോടെ കൃഷിക്കാവശ്യമായ ജലസേചന സൗകര്യവും നിലച്ചു. ഇതോടെ ഗ്രാമപഞ്ചായത്തിലെ നെൽകൃഷിയുൾപ്പെടെയുള്ള കാർഷികവൃത്തികൾ ഇല്ലാതായി. പ്രകൃതി കനിഞ്ഞു നൽകിയ ഈ നീരുറവകളെ സംരക്ഷിക്കുവാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാൻ പുതിയതായി വന്ന പ്രാദേശിക ഭരണകൂടം തയ്യാറാകണമെന്നാണ് പ്രകൃതിസ്നേഹികളുടെ ആവശ്യം.