pk-sasi

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയുടെ പേരിൽ ഷൊർണൂർ എം.എൽ.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ.ശശിയെ ആറ് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.എമ്മിൽ സൃഷ്ടിച്ച വിവാദങ്ങൾക്കൊടുവിലാണ് ഇന്നലെ ചേർന്ന അടിയന്തര സംസ്ഥാനകമ്മിറ്റി തീരുമാനം പ്രഖ്യാപിച്ചത്.

അച്ചടക്ക നടപടികളിലെ ഉയർന്ന രണ്ടാമത്തെ നടപടിയാണ് സസ്പെൻഷൻ. സമാനമായ പരാതികളിൽ പാർട്ടി നേതാക്കൾക്കെതിരെ മുമ്പ് കൈക്കൊണ്ട പുറത്താക്കൽ നടപടികളും ശശി സിറ്റിംഗ് എം.എൽ.എ ആണെന്നതും പരിശോധിച്ചുള്ള പ്രായോഗിക നടപടിയാണ് സി.പി.എം കൈക്കൊണ്ടത്. പരാതിക്കാരിയെ വിശ്വാസത്തിലെടുക്കാൻ ഉപകരിക്കുന്ന നടപടിയുണ്ടായത് നിയമസഭാസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയായി എന്നതും ശ്രദ്ധേയമാണ്. പാർട്ടിയുടെ യശസ് ഉയർത്തിപ്പിടിക്കുന്ന നടപടി കേന്ദ്ര നേതൃത്വവും പ്രതീക്ഷിച്ചിരുന്നതായി സൂചനയുണ്ട്.

'ഒരു പാർട്ടി പ്രവർത്തകയോട് പാർട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ' നടപടിയെന്ന് വാർത്താക്കുറിപ്പിൽ സി.പി.എം വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ മണ്ണാർക്കാട്ട് നടന്ന ജില്ലാസമ്മേളനത്തിനിടെ ശശി അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് മാസങ്ങൾക്ക് ശേഷം വൻ ചലനമുണ്ടാക്കിയത്. വിവാദമായതോടെയാണ്, മന്ത്രി എ.കെ. ബാലനെയും പി.കെ. ശ്രീമതി എം.പിയെയും അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. ആദ്യം പാർട്ടി വേദികളിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശിക്കപ്പെട്ട ശശി പിന്നീട് അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രിക്കൊപ്പവും മുഖ്യമന്ത്രിക്കൊപ്പവും വേദി പങ്കിട്ടതും ചർച്ചയ്ക്കും വിവാദത്തിനും വഴിയൊരുക്കി.

പരാതിക്കാരിയെ തൃപ്തിപ്പെടുത്തുന്ന നടപടിയില്ലാതെ വന്നാൽ അവർ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന പ്രചാരണവുമുണ്ടായി. പാലക്കാട്ടെ ഉൾപ്പാർട്ടി പോരാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നും ഗൂഢാലോചനയുണ്ടെന്നും ശശി കമ്മിഷൻ മുമ്പാകെ ആരോപിച്ചിരുന്നു. യുവതിയോട് ഫോണിലൂടെ നേതാവിന് യോജിക്കാത്ത സംഭാഷണം നടത്തിയെന്ന് പറയുന്ന റിപ്പോർട്ടിൽ മറ്റ് ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടുന്നില്ല. യുവതിയുടെ മൊഴിയടക്കം മുഖവിലയ്ക്കെടുത്താണ് കമ്മിഷൻ നിഗമനത്തിലെത്തിയത്. കമ്മിഷൻ പക്ഷേ നടപടി ശുപാർശ ചെയ്തിരുന്നില്ല.

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി നിർദ്ദേശം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചപ്പോൾ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനുമെതിരെ പീഡന പരാതികളുയർന്നപ്പോൾ ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സി.പി.എം തീരുമാനിച്ചത്.