രാമക്ഷേത്ര നിർമ്മാണത്തിനുള്ള തീയതി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച അയോദ്ധ്യയിൽനടന്ന ശക്തിപ്രകടനം അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ കഴിഞ്ഞുപോയത് ആശ്വാസകരമാണ്. ബാബ്റി മസ്ജിദ് തകർക്കപ്പെട്ടിട്ട് കാൽനൂറ്റാണ്ടുകഴിഞ്ഞെങ്കിലും മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ രാമക്ഷേത്രം ഉയരണമെന്ന വാദമാണ് ഇക്കാലമത്രയും പ്രശ്നത്തിൽ ഒത്തുതീർപ്പിന് തടസമായി നിൽക്കുന്നത്. വെറും രണ്ടേമുക്കാൽ ഏക്കർ വരുന്ന തർക്ക സ്ഥലം മൂന്നായി വിഭജിച്ച് തർക്കകക്ഷികൾക്ക് നൽകാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജി സുപ്രീംകോടതിയിൽ കിടക്കുകയാണ്. ജനുവരിയിൽ പ്രസ്തുത ഹർജി പരിഗണനയ്ക്കെടുക്കുമെന്നാണ് സൂചന. തർക്കഭൂമിയുടെ കാര്യത്തിൽ അന്തിമവിധി വരേണ്ടത് സുപ്രീംകോടതിയിൽ നിന്നുതന്നെയാണ്. ആ നിലയ്ക്ക് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ആർക്കുംതന്നെ ഇപ്പോൾ ഒരു തീരുമാനവുമെടുക്കാനാവില്ലെന്നത് യാഥാർത്ഥ്യമാണ്. ഇൗ യാഥാർത്ഥ്യം മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വീരവാദങ്ങളും വെല്ലുവിളികളും . രാമക്ഷേത്ര നിർമ്മാണ പ്രശ്നത്തിൽ നരേന്ദ്രമോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയെന്ന മിനിമം അജണ്ടയാണ് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾക്കുള്ളത്. ബി.ജെ.പിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന മഹാരാഷ്ട്രയിലെ ശിവസേനയും രാമക്ഷേത്ര നിർമ്മാണം വൈകുന്നതിന്റെ പേരിൽ വികാരം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്.
പരമോന്നത കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിൽ സർക്കാരുകൾക്കോ സംഘടനകൾക്കോ ഒരുവിധ തീരുമാനവും എടുക്കാൻ കഴിയുകയില്ലെന്നിരിക്കെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഒാർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യത്തോട് തലയ്ക്ക് വെളിവുള്ള ആർക്കും യോജിക്കാനാവില്ല. കാൽനൂറ്റാണ്ടിലധികം കാത്തിരുന്നിട്ടും അയോദ്ധ്യ പ്രശ്നത്തിൽ തീർപ്പുണ്ടാക്കാൻ കഴിയാതെ പോയതിന് ബന്ധപ്പെട്ട എല്ലാകക്ഷികളും രാഷ്ട്രീയ നേതൃത്വങ്ങളും മാറിമാറി വന്ന ഭരണകൂടങ്ങളുമൊക്കെ ഉത്തരവാദികളാണ്. പ്രശ്നം ഇത്തരത്തിൽ സജീവമായി നിലനിൽക്കേണ്ടത് അവരുടെ ആവശ്യമാണെന്നതാണ് വാസ്തവം. അയോദ്ധ്യയും രാമക്ഷേത്രവും ഉണർത്തുന്ന വികാരം വലിയ വിഭാഗം ജനങ്ങൾക്കിടയിൽ വിലപ്പോവുമെന്നതിനാൽ തിരഞ്ഞെടുപ്പ് കാലത്തെല്ലാം അത് ഏറെ സജീവമാകാറുണ്ട്. ഞായറാഴ്ച അയോദ്ധ്യയിൽ നടന്ന ധർമ്മസഭയ്ക്കും ശിവസേനയുടെ ആഭിമുഖ്യത്തിലുള്ള ഒത്തുചേരലിനും പിന്നിൽ തെളിയുന്ന രാഷ്ട്രീയ ചിത്രവും ഇതുതന്നെയാണ്. അയോദ്ധ്യയിലെ തർക്കപ്രദേശത്തുനിന്ന് അര കിലോമീറ്റർ അകലെ നടന്ന സമ്മേളനത്തിൽ രണ്ടുലക്ഷത്തോളംപേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. നിരോധനാജ്ഞ ഉണ്ടായിട്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി സംഘപരിവാർ സംഘടനകളുടെ ഒത്തുചേരലിന് യാതൊരു തടസവുമുണ്ടായില്ല. ക്ഷേത്രനിർമ്മാണ പ്രശ്നത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ അടുത്തഘട്ടം സമര പരിപാടി ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. സന്യാസിമാരുടെ ധർമ്മസഭ സമാപിക്കുന്നതും ഇന്നാണ്. ബാബ്റിമസ്ജിദ് തകർക്കപ്പെട്ടശേഷം അയോദ്ധ്യയിൽ ക്ഷേത്ര നിർമ്മാണ പ്രശ്നവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ പൊതുചടങ്ങായിരുന്നു ഞായറാഴ്ചത്തേത്. അയ്യായിരത്തിലേറെ പൊലീസുകാരെ നിയോഗിച്ചാണ് യു.പിയിലെ ബി.ജെ.പി സർക്കാർ സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
അഞ്ചുമാസത്തിനകം നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് അയോദ്ധ്യ പ്രശ്നം വീണ്ടും പൊടിതട്ടിയെടുക്കുന്നതെന്ന് രാഷ്ട്രീയം അറിയാവുന്നവർക്കെല്ലാം ബോദ്ധ്യമുണ്ട്. തിരഞ്ഞെടുപ്പിനുമുമ്പ് അയോദ്ധ്യ കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധി ഉണ്ടാകാൻ വിദൂര സാദ്ധ്യത പോലുമില്ല. എന്നിരുന്നാലും വിഷയം സജീവമായിത്തന്നെ നിലനിറുത്തി പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിധിവരുന്നതുവരെ സർക്കാർ കാത്തിരിക്കുമെന്ന ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ വാക്കുകൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ളതാണ്. യു.പിയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കുമുണ്ട് വിവേകം. കേസ് കോടതിയിലിരിക്കുമ്പോൾ ക്ഷേത്ര നിർമ്മാണത്തീയതി എങ്ങനെ പ്രഖ്യാപിക്കാനാകുമെന്നാണ് കഴിഞ്ഞദിവസം അദ്ദേഹം ചോദിച്ചത്. ഇതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീവ്ര നിലപാട് കണ്ടില്ലെന്ന് നടിക്കാനാവില്ല. ലോക്സഭാതിരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്ര നിർമ്മാണ വിഷയത്തിൽ വ്യക്തമായ ചുവടുവയ്പ്പു നടത്തുകതന്നെ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
വ്യക്തമായി ഒന്നും നടന്നില്ലെങ്കിലും ആസന്നമായ പൊതുതിരഞ്ഞെടുപ്പിൽ അയോദ്ധ്യ ഒരിക്കൽകൂടി മുഖ്യപ്രചാരണായുധമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഞായറാഴ്ച നടന്നത് അതിന്റെ കേളികൊട്ടാണ്. അയോദ്ധ്യ തർക്കഭൂമി കേസ് നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസ് സുപ്രീംകോടതിയെപ്പോലും കരുവാക്കാൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അജ്മീറിൽ ഉന്നയിച്ച ആരോപണവും വരുംദിവസങ്ങളിൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വിഷയമാകാൻ പോവുകയാണ്. തിഞ്ഞെടുപ്പ് കാലം കഴിയുംവരെ കേസ് വൈകിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും ഇതിന് വിസമ്മതിച്ചതിന്റെ പേരിലാണ് മുൻ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ നീക്കമുണ്ടായതെന്നുമാണ് പ്രധാനമന്ത്രിയുടെ ആരോപണം. തിരഞ്ഞെടുപ്പ് നാളുകൾ അടുക്കുന്തോറും കത്തിജ്വലിക്കാനിടയുള്ള പ്രധാന വിഷയങ്ങൾക്കൊപ്പം അയോദ്ധ്യയും പ്രചാരണവേദികളിലേക്ക് കടന്നുവരാൻ പോവുകയാണ്.
അയോദ്ധ്യ പ്രശ്നം കോടതിക്ക് പുറത്തു ഒത്തുതീർക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നവർ ധാരാളമുണ്ട്. സുപ്രീംകോടതിതന്നെ ഒരു ഘട്ടത്തിൽ ഇൗ നിർദ്ദേശം മുന്നോട്ടുവച്ചതാണ്. എന്നാൽ അന്തിമതീർപ്പ് കോടതിയുടേതായാൽ പിന്നീട് അതേച്ചൊല്ലി തർക്കവും വഴക്കും ഉണ്ടാവുകയില്ലെന്ന അഭിപ്രായത്തോടെ തർക്ക കക്ഷികൾ തീരുമാനം കോടതിതന്നെ എടുക്കട്ടെ എന്ന് നിലപാടെടുക്കുകയായിരുന്നു. ജനുവരിയിൽ കേസ് പരിഗണിക്കുമെന്ന് കോടതി പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് തീർത്തും അപ്രായോഗിക ആവശ്യങ്ങളുമായി സംഘപരിവാർ സംഘടനകൾ രാജ്യത്ത് സംഘർഷത്തിന്റെ വിത്ത് വിതയ്ക്കാൻ ശ്രമിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് പറയാനാവില്ല. അണികളെ ആവേശം കൊള്ളിക്കാനും കർമ്മനിരതരാക്കാനും ഉതകിയേക്കാം. എന്നാൽ പഴയതുപോലുള്ള നേട്ടമുണ്ടാക്കാനാവുമോ എന്നതിൽ സംശയമുണ്ട്. കാൽനൂറ്റാണ്ടിനിടയിൽ അയോദ്ധ്യ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ ജനങ്ങൾ കൂടുതൽ മനസിലാക്കിയതുകൊണ്ടാണത്.