ആറ്റിങ്ങൽ: കാത്തിരിപ്പിനൊടുവിൽ മാമത്തെ നാളികേര കോംപ്ളക്‌സിന്റെ ശനിദശ മാറ്റാൻ നടപടിയുമായി അധികൃതർ. നാളികേര കോംപ്ലക്‌സ് അവഗണനയിലായതിനെപ്പറ്റി കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് ബി. സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ സർക്കാരുമായി ചർച്ച നടത്തിയതോടെയാണ് പ്രശ്‌നപരിഹാരത്തിനുള്ള സാദ്ധ്യത സജീവമായത്. 1979ൽ മികച്ച രീതിയിൽ പ്രവർത്തനം തുടങ്ങിയ കോംപ്ലക്‌സിലെ നടത്തിപ്പിലെ അപാകത കാരണം പ്രവർത്തനത്തിൽ തിരിച്ചടി നേരിട്ടു. കടം കൂടിയതോടെ 1993ൽ കോംപ്ലക്സിന്റെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള ഫോറസ്റ്റ് ഇന്റഡസ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ തെങ്ങിൻതടി സംസ്‌കരണ യൂണിറ്റും വെർജിൻ കോക്കനട്ട് ഓയിൽ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവ നിർമ്മിക്കാനുള്ള നീക്കം നടന്നെങ്കിലും ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.
ഉയർച്ചയിൽ നിന്നും താഴ്ചയിലേക്ക്
-------------------------------------------------------
1979 പ്രവർത്തനം ആരംഭിച്ചു (നാളികേര സംഭരണവും കൊപ്ര ആട്ടി
വില്പനയും എണ്ണ കയറ്റി അയയ്‌ക്കൽ എന്നിവ തകൃതിയായി നടന്നു)
1983 പ്രവർത്തനത്തിൽ മികച്ച മുന്നേറ്റം
1989 - കേരഫെഡിന് കൂലിക്ക് കൊപ്ര
ആട്ടുന്ന തരത്തിലേക്ക് പ്രവർത്തനം താഴ്ന്നു
1992 - നഷ്ടം കാരണം പ്രവർത്തനം നിറുത്തിവച്ചു
2010 - വെർജിൻ കോക്കനട്ട് യൂണിറ്റ്
പ്രവർത്തനം ആരംഭിച്ചു
നഷ്ടത്തിന്റെ കണക്കുകൾ
-------------------------------------------
കയറ്റിഅയച്ച ലോറികൾ കാണാതായി
കൊപ്ര സംഭരണം വെറുംവാക്കായി
കോംപ്ലക്‌സിന്റെ ആകെ നഷ്ടം 25 കോടി
500 ലിറ്റർ വെർജിൻ ഓയിൽ കെട്ടിക്കിടക്കുന്നു
300 ടൺ നാളികേരം അഴുകി നശിച്ചു
'' നാളികേര കോംപ്ലക്‌സിൽ വെർജിൻ ഓയിൽ യൂണിറ്റ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇനി അനുബന്ധ സർട്ടിഫിക്കറ്റുകൾ നേടി നഗരസഭയിൽ നിന്നും ട്രേഡ് ലൈസൻസ് കരസ്ഥമാക്കിയാൽ പ്രവർത്തനം ആരംഭിക്കാം. അടുത്ത മാസംതന്നെ ഇത് തുറക്കാനാകുമെന്നാണ് പ്രതീക്ഷ
അഡ്വ.ബി. സത്യൻ എം.എൽ.എ
'' നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു തടസവുമില്ല. കൗൺസിൽ യോഗം ചേർന്ന് കഴിഞ്ഞ ദിവസം ട്രേഡ് ലൈസൻസ് നൽകാൻ തീരുമാനിച്ചു. ഫയർ ആൻഡ് സേഫ്ടി ലൈസൻസ് ഉൾപ്പെടെയുള്ളവ ഇതുവരെയും നേടിയിട്ടില്ല. എന്നാലും നഗരസഭയുടെ ഉത്തരവാദിത്വത്തിൽ 6 മാസത്തേക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ടാക്‌സ് ഇനത്തിൽ 15 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് കുടിശികയായി അടയ്ക്കേണ്ടത്. അതിനും 6 മാസത്തെ സാവകാശം അനുവദിച്ചാണ് ലൈസൻസ് നൽകിയിരിക്കുന്നത്. ബാക്കി നടപടികൾ സ്വീകരിക്കേണ്ടത് നാളികേര വികസന കോർപറേഷനാണ്.
എം.പ്രദീപ്, ചെയർമാൻ, ആറ്റിങ്ങൽ നഗരസഭ
'' നഗരസഭ താത്കാലിക പെർമിറ്റ് അനുവദിച്ചതായാണ് അറിയുന്നത്. അത് ലഭിച്ചാൽ ഉടൻ കെട്ടിടങ്ങൾ ശുചീകരിച്ച് ട്രയൽ റൺ ആരംഭിക്കാനാണ് നീക്കം. ഇതോടൊപ്പം ഫയർ ആൻഡ് സേഫ്ടിക്കായുള്ള സാമഗ്രികൾ സ്ഥാപിക്കും. മറ്റുള്ള ലൈസൻസുകൾക്കുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞു. അടുത്ത മാസംതന്നെ പ്ലാന്റ് പ്രവർത്തനം ആരംഭിക്കാനാണ് നീക്കം
സുനിൽകുമാർ, എം.ഡി, നാളികേര വികസന കോർപറേഷൻ