തിരുവനന്തപുരം : അഞ്ചുതെങ്ങിൽ രണ്ടു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കോടതി അഞ്ച് വർഷം കഠിന തടവിനും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ജോയി എന്ന ജോബായ്, ഫ്രെഡി എന്നിവരെയാണ് നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ക്ളമന്റ്, പനിയടിമ എന്നീ മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി അധിക തടവ് അനുഭവിക്കണം .കേസിലെ 11 പ്രതികളെ കോടതി വെറുവേ വിട്ടു. 2003 ഏപ്രിൽ 19 നാണ് ക്ളമന്റും പനിയടിമയും കൊല്ലപ്പെട്ടത്. കായിക്കരകടപ്പുറത്ത് മഠംപളളികരക്കാർ കമ്പവലയിട്ട് പിടിച്ച മീനിൽ ഒരെണ്ണം വലയിൽ നിന്ന് ചാടിപ്പോയി. കണ്ടുനിന്ന മണ്ണാംകുളത്ത് കരയിലെ രാജു ആ മീനിനെ എടുത്തു . ഇതേച്ചൊല്ലി ഇരു കരക്കാരും തമ്മിൽ വാക്കേറ്രം ഉണ്ടാകുകയും പ്രതി ജോയിയുടെ സഹോദരൻ സ്റ്റാറിയെ മഠപ്പളളിക്കാരൻ പിടിച്ചുതള്ളുകയും ചെയ്തു. ഇത് ചോദിക്കാനായി അന്നേദിവസം രാത്രിയിൽ പ്രതികൾ മറുകരയിൽ എത്തിയിരുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്ര ക്ളമന്റും പനിയടിമയും കൂടി സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിൽ പോകാൻ നിൽക്കുമ്പോൾ പ്രതികൾ ജീപ്പ് ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.