തിരുവനന്തപുരം: ഓരോ നവജാതശിശുവിന്റേയും ശ്രവണശേഷി പരിശോധിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് ഗ്ലോബൽ ഹിയറിംഗ് അംബാസഡറായ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ പറഞ്ഞു. സാർവത്രികമായി നവജാത ശിശുക്കളിൽ ശ്രവണശേഷി പരിശോധന (യു.എൻ.എച്ച്.എസ്) നടത്തേണ്ടതിന്റെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ പ്രചാരണാർത്ഥം നാഷണൽ ഇൻസറ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) സംഘടിപ്പിച്ച പരിപാടിയിലെത്തിയതായിരുന്നു അദ്ദേഹം. ശ്രവണവൈകല്യം മുൻകൂട്ടി കണ്ടെത്തി ഇടപെടലുകൾ നടത്തേണ്ടതും ബോധവത്കരണം വ്യാപിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ , നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ജി. സതീഷ്‌കുമാർ, എ.എസ്.എൽ.പി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫ. ജീനാ മേരി ജോയ്
തുടങ്ങിയവർ സംസാരിച്ചു.
ബ്രെറ്റ് ലീ നിഷ് പരിസരത്ത് 'സ്പീക്കിംഗ് ട്രീ' എന്ന പേരിൽ ഒരു വൃക്ഷത്തൈ നട്ടു. നവജാതശിശുക്കളിൽ കേൾവി പരിശോധന നടത്തുന്നതിനായി ജനങ്ങളെ ബോധവത്കരിക്കണമെന്നും ശ്രവണ സഹായികൾ ഉപയോഗിക്കണമെന്നുമുള്ള മുദ്രാവാക്യമുയർത്തിയാണ് ലോകം കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ ബ്രെറ്റ് ലീ ഇന്ത്യയിലുടനീളം പര്യടനം നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിൽ 466 ദശലക്ഷത്തിലേറെ പേർക്ക് ശ്രവണ വൈകല്യം ഉണ്ട്. ഇതിൽ 34 ദശലക്ഷം പേർ കുട്ടികളാണ്. കേരളത്തിൽ ഈ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെയും ബ്രെറ്റ് ലീ പ്രശംസിച്ചു.