പാലോട് : മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് പെരിങ്ങമ്മല അഗ്രീഫാമിൽ പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ അനുവാദം നൽകിയതോടെ അനിശ്ചിതത്വത്തിലാകുന്നത് ജില്ലാ കൃഷിത്തോട്ടത്തിന്റെയും ജലസ്രോതസുകളുടെയും അത്യപൂർവ വൃക്ഷലതാദികളുടെയും അദിവാസി സങ്കേതങ്ങളുടെയും ഭാവിയാണ്. സ്വാഭാവിക വനപ്രദേശത്തോട് ചേർന്ന് 60 ഹെക്ടറിൽ വ്യാപിച്ച് കിടക്കുകയാണ് ജില്ലാ കൃഷിതോട്ടം. വിളകളെ സംരക്ഷിച്ച് കർഷകർക്ക് വിത്തുകൾ വിതരണം ചെയ്യുകയാണ് തോട്ടത്തിന്റെ ലക്ഷ്യം. കൃഷി വകുപ്പിന്റെ ഉടമസ്ഥതയിൽ ജില്ലാ പഞ്ചായത്തിന് പരിപാലന ചുമതലയുള്ള തോട്ടത്തിൽ ഫലവൃക്ഷങ്ങളും പച്ചക്കറികളും കിഴങ്ങുവിളകളും പൂച്ചെടികളും സമൃദ്ധമായി വളരുന്നു. വളത്തിനായി പശു, ആട്, കോഴി എന്നിവയെയും വളർത്തുന്നുണ്ട്. 79 സ്ഥിരം തൊഴിലാളികളും 106 കാഷ്യൽ ജീവനക്കാരും 13 ദിവസ വേതനക്കാരുമുൾപ്പെടെ 198 പേർ ജോലി ചെയ്യുന്നു. ഇവിടുത്തെ ഏഴാം ബ്ലോക്ക് എന്നറിയപ്പെടുന്ന 40 ഹെക്ടർ പ്രദേശത്തെ 15 ഏക്കറാണ് പ്ലാന്റിന് വേണ്ടി അധികൃതർ കണ്ണ് വച്ചിരിക്കുന്നത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ മനുഷ്യവാസമില്ലെന്ന സാറ്റലൈറ്റ് സർവേ റിപ്പോർട്ടിന്റെ മറവിലാണ് മാലിന്യ പ്ലാന്റിന് സ്ഥലം തേടിയുള്ള ആലോചന ജില്ലാ കൃഷി തോട്ടത്തിലേക്ക് പരിമിതപ്പെട്ടതെന്ന് ആക്ഷേപമുണ്ട്. എന്നാൽ, പന്നിയോട്ട് കടവ്, മുല്ലച്ചൽ, ഒരു പറകരിക്കകം, അടിപറമ്പ്, വെങ്കട്ട, പേത്തല കരിക്കകം തുടങ്ങി ഒരു ഡസനിലധികം പട്ടികജാതി പട്ടികവർഗ കോളനികൾ രണ്ട് കിലോമീറ്റർ പരിധിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. പ്ലാന്റ് ഉൾപ്പെടുന്ന ഏഴാം ബ്ലോക്കിന്റെ അതിർത്തി അവസാനിക്കുന്നത് വാമനപുരം നദിയുടെ പ്രധാന കൈവഴിയായ ചിറ്റാറിന്റെ കരയിലാണ്. ജില്ലയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. കൃഷി തോട്ടത്തിനുള്ളിലൂടെ ഒഴുകുന്ന നീർച്ചാലുകളും ചിറ്റാറിലാണ് ചേരുന്നത്. എത്ര സുരക്ഷാവലയത്തിനുള്ളിൽ പണിഞ്ഞാലും പ്ലാന്റിൽ നിന്നുള്ള മാലിന്യം കിഴക്കൻ മലയോരത്തിന്റെ കുടിനീരിനെ കളങ്കപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും പരാതി.
ജില്ലാ കൃഷിത്തോട്ടം സ്ഥിതിചെയ്യുന്നത് ...... 60 ഹെക്ടറിൽ
കൃഷിത്തോട്ടത്തിൽ പ്ലാന്റിനായി നിശ്ചയിച്ചിരിക്കുന്നത് ..... 15 ഏക്കർ
പെരിങ്ങമ്മലയുടെ സവിശേഷതകൾ
1. കസ്തൂരി രംഗൻ റിപ്പോർട്ടിൽ അടിയന്തര സംരക്ഷണം നിർദേശിക്കപ്പെട്ട 123 പഞ്ചായത്തുകളിലൊന്ന്
2. സംസ്ഥാനത്ത് വലിപ്പത്തിൽ രണ്ടാം സ്ഥാനം (217 ചതുരശ്ര കിലോമീറ്റർ വിസ്തൃതി)
3. പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല പ്രദേശം
4. ജൈവവൈവിധ്യ കലവറയായി യുനെസ്കോ പ്രഖ്യാപിച്ച അഗസ്ത്യാർകൂടത്തിന്റെ കരുതൽ മേഖല 5.നിത്യഹരിതവനങ്ങളും പുൽമേടുകളും പാറക്കെട്ടുകളും നീർച്ചോലകളും കൊണ്ട് സമ്പന്നം.
6. വെള്ളച്ചാട്ടമുൾപ്പെടെ നിരവധി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
7. സമുദ്രതീരവുമായി ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനായ പൊൻമുടിയുടെ താഴ്വര
8. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ ധാരാളം
9. അപൂർവ്വമായ ശുദ്ധജല കാട്ടുജാതിക്കാ കണ്ടൽ യഥേഷ്ടം
10വാമനപുരം നദിയെ ജലസമ്പുഷ്ടമാക്കുന്ന ചിറ്റാറിന്റെ പ്രഭവകേന്ദ്രം
പ്രതിദിനം 200 ലോഡ് മാലിന്യം എത്തും
കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് പെരിങ്ങമ്മല നിർദ്ദിഷ്ട മാലിന്യപ്ലാന്റിന്റെ നോഡൽ ഏജൻസി. തലസ്ഥാന ജില്ലയ്ക്ക് പുറമെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഖരമാലിന്യം ഇവിടെ എത്തിച്ച് അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത്. പ്രതിദിനം മാലിന്യം നിറച്ച ഇരുനൂറ് വാഹനങ്ങൾ പെരിങ്ങമ്മലയിൽ എത്തും. സർക്കാർ രേഖകളുടെ വെളിച്ചത്തിൽ നാട്ടുകാർ ആരംഭിച്ച പ്ലാന്റ് വിരുദ്ധ സത്യഗ്രഹ സമരം 150 ദിവസം പിന്നിട്ടിരിക്കുകയാണ്. പദ്ധതിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്തോഫീസ് നാട്ടുകാർ രണ്ടുതവണ വളഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ പരിസ്ഥിതി സത്യാഗ്രഹവും നടത്തി. ഡിസംബർ 3മുതൽ 5വരെയാണ് നിയമസഭയിലേക്ക് കാൽനടയായി സങ്കട ജാഥ നടത്താനുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോൾ.
''സഹനസമരം ഫലം കണ്ടില്ലെങ്കിൽ സർക്കാരിനെതിരെ ജീവൻ മരണ പോരാട്ടത്തിനും തയാറാവും. നിയമസഭയിലേക്ക് നടത്തുന്ന സങ്കട ജാഥയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ അണിനിരക്കും. 42 കിലോമീറ്റർ നടന്നാണ് നിയമസഭയിൽ എത്തുന്നത്''
--- നിസാർ മുഹമ്മദ് സുൽഫി, സി. മഹാസേനൻ (സമരസമിതി)