suresh

ന്യൂഡൽഹി: അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് 11 വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് അജ്‌മീർ സ്ഫോടനക്കേസിൽ സുരേഷ് നായർ അറസ്റ്റിലായത്. രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്, സുരേഷിന്റെ വിവരങ്ങൾക്കായി എൻ.ഐ.എ 8 വർഷമായി കാത്തിരിക്കുകയായിരുന്നു. കോഴിക്കോട്ടെ ബന്ധുവീടുകളിൽ ഇടയ്ക്കിടെ സുരേഷിനെ തെരഞ്ഞ് എൻ.ഐ.എ ഉദ്യോഗസ്ഥർ എത്തുമായിരുന്നു.

സുരേഷിന്റെ ബാല്യത്തിൽ തന്നെ കുടുംബം ഗുജറാത്തിലേക്ക് ചേക്കേറി. അവിടെ ഖേഡ ജില്ലയിലെ സാക്കൂറിൽ ആർ.എസ്.എസ് ഉടമസ്ഥതയിലുള്ള സരസ്വതി വിദ്യാമന്ദിർ സ്‌കൂളിന്റെ മാനേജരായിരുന്നു സുരേഷ്. പത്തു വർഷത്തിലേറെ ഗുജറാത്തിൽ ആർ.എസ്.എസിന്റെ കാര്യവാഹക് ആയിരുന്നു. ദർഗയിൽ സ്‌ഫോടനം നടത്താൻ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്കും അവിടെ നിന്ന് അജ്മീറിലേക്കും സ്‌ഫോടക വസ്തുക്കൾ കാറിൽ കടത്തിയ സംഘത്തിൽ സുരേഷും ഉൾപ്പെട്ടിരുന്നെന്നാണ് കൂട്ടുപ്രതിയായ നിർമ്മാണ കരാറുകാരൻ മുകേഷ് വാസ്വാനി വെളിപ്പെടുത്തിയത്.

മദ്ധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള എം.പി 43- 0903 കറുത്ത സാൻട്രോ കാറിലാണ് സ്‌ഫോടക വസ്തുക്കൾ അജ്മീരിലെത്തിച്ചത്. ഈ കാർ ഇൻഡോറിൽ നിന്ന് എ.ടി.എസ് പിടിച്ചെടുത്തിരുന്നു. സ്‌ഫോടനം ആസൂത്രണം ചെയ്യാൻ 2005 ഒക്‌ടോബറിൽ ജയ്‌പൂരിലെ ഗുജറാത്തി ഗസ്റ്റ്ഹൗസിൽ രഹസ്യയോഗം ചേർന്നിരുന്നു. ഇതിൽ സുരേഷ് പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.

കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം എളാട്ടേരി കുറുമങ്ങാട് ഒതോയത്ത് വീട്ടിലായിരുന്നു സുരേഷ് നായരുടെ ജനനം. ടയർ പണിക്കാണ് സുരേഷിന്റെ അച്ഛൻ ഒ.ഡി.നായർ എന്ന ദാമോദരൻ നായർ ഗുജറാത്തിലേക്ക് പോയതെന്നാണ് എൻ.ഐ.എ പറയുന്നത്. പിന്നീട് ഗുജറാത്ത് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ ഫിറ്റർ ആയി. വിരമിച്ച ശേഷം ഖേഡയിലെ സൊസൈറ്റി ക്വാർട്ടേഴ്‌സിലാണ് താമസം. അവിടെയാണ് സുരേഷും സഹോദരൻ സന്തോഷും താമസിക്കുന്നത്. സന്തോഷ് ടയർകമ്പനി നടത്തുകയായിരുന്നു.

ഗുജറാത്തിലുള്ള റീനയെയാണ് സുരേഷ് വിവാഹം കഴിച്ചത്. കല്യാണത്തിനാണ് ബന്ധുക്കൾ സുരേഷിനെ അവസാനമായി കാണുന്നതത്രേ. സുരേഷ്‌ നാട്ടിൽ വന്നിട്ട് അഞ്ചു വർഷത്തോളമായെന്നാണ് ബാലുശേരി മഞ്ഞപ്പാലത്തെ സഹോദരി സുഷമ എൻ.ഐ.എയ്ക്ക് നൽകിയ മൊഴി. ഡൽഹി-രാജസ്ഥാൻ സംയുക്ത പൊലീസ് സംഘം നേരത്തേ സുരേഷിന്റെ കൊയിലാണ്ടിയിലെയും ബാലുശേരിയിലെയും ബന്ധുവീടുകളിൽ തെരച്ചിൽ നടത്തിയിരുന്നു.

കൂടുതൽ കേസുകളിൽ

പങ്ക് അന്വേഷിക്കും

അമ്മയ്‌ക്കൊപ്പം ഗുജറാത്തിലെ വഡോദരയിൽ സുരേഷ് താമസിച്ചിരുന്നു. ഇവിടെ വച്ചാണ് തീവ്ര ആശയങ്ങളുള്ള സംഘടനകളുടെ സ്വാധീനത്തിലായതെന്ന് എൻ.ഐ.എ പറയുന്നു. ഹൈന്ദവ തീവ്രവാദ സംഘടനകൾ നടത്തിയ കൂടുതൽ സ്‌ഫോടനങ്ങളിൽ സുരേഷിനും കൂട്ടാളികൾക്കും പങ്കുണ്ടോയെന്ന് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. 2007 ഒകേ്‌ടോബർ 11ന് അജ്മീർ ദർഗയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു.

''സുരേഷ് നായർ നിരപരാധിയാണ്. ആരെങ്കിലും മനഃപൂർവം കുടുക്കിയതാകാം.''

- സഹോദരി സുഷമ