തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സർജിക്കൽ ഉപകരണങ്ങൾ ഒരു മാനദണ്ഡവുമില്ലാതെ ആർക്കും വിറ്റഴിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ശരീരത്തിൽ നിക്ഷേപിക്കുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് എല്ല് രോഗവിഭാഗത്തിന്റെയും ഹൃദ്രോഗവിഭാഗത്തിന്റെയും ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി കമ്മിഷനെ അറിയിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ ബി.ഐ.എസ് നിബന്ധനപ്രകാരം വിപണിയിലിറക്കുന്നതാണ്. ശരീരത്തിൽ നിഷേപിക്കുന്ന ഇത്തരം ഉപകരണങ്ങളെ കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം മരുന്നായാണ് കണക്കാക്കുന്നത്. ഡ്രഗ് ലൈസൻസ് ഇല്ലാത്തവർക്ക് ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കാനാവില്ലെന്നും ആരോഗ്യസെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ നിയമപരമായ ബാദ്ധ്യതയാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഡ്രഗ്‌സ് കൺട്രോളർക്കും പൊലീസ് മേധാവിക്കും കമ്മിഷൻ ഉത്തരവ് നൽകി.