വിഴിഞ്ഞം: സഞ്ചാരികൾക്ക് തണലേകാൻ സ്വപ്ന തീരത്ത് തെങ്ങ്നടുകയാണ് ചന്ദ്രൻ എന്ന ചെറുപ്പക്കാരൻ. കഴിഞ്ഞ നാല് വർഷമായി കോവളത്തെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് തണലേകുന്നത് ലൈറ്റ് ഹൗസ് ബീച്ചിനും ഇടക്കല്ലിന് സമീപത്തും നട്ടുവളർത്തുന്ന തെങ്ങുകളാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് കോവളം തീരത്ത് ധാരാളം തെങ്ങുകൾ ഉണ്ടായിരുന്നു. എന്നാൽ കാലങ്ങൾ കഴിയുംതോറും തിരകളിലും കാലവർഷങ്ങളിലും പെട്ട് ഇവയിൽ പലതും നശിച്ചു. ഇപ്പോൾ തീരത്തെ പാർക്കിംഗ് ഗ്രൗണ്ടിനും ലൈറ്റ് ഹൗസിനും സമീപത്ത് മാത്രമാണ് ഇപ്പോൾ ഏതാനും തെങ്ങുകൾ ഉള്ളത്.
കോവളത്തെ കടകളിൽ ശീതളപാനിയം എത്തിക്കുന്ന സെയിൽസ്മാനാണ് ചന്ദ്രൻ. ശീതളപാനിയവുമായി എത്തുമ്പോൾ ചില ദിവസങ്ങളിൽ ചന്ദ്രന്റെ കൈയിൽ തെങ്ങിൻ തൈകളും കാണും. കച്ചവടം വിവിധ കമ്പനികളുടെ ശീതളപാനിയമാണെങ്കിലും ചന്ദ്രൻ തീരത്തെത്തിയാൽ താൻ തട്ട തെങ്ങിൽ കായ്ച്ച് നിൽക്കുന്ന കരിക്ക് അടർത്തിക്കുടിക്കുന്നതാണ് ചന്ദ്രന് ഏറ്റവും ഇഷ്ടം. തീരത്ത് ഇപ്പോൾ 35 ഓളം തെങ്ങുകൾ ഉണ്ട് ഇതിൽ പകുതിയിലധികവും കായ്ഫലം നൽകി തുടങ്ങി. നിരവധി സഞ്ചാരികൾ വന്നു പോകുന്ന തീരത്ത് കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ സഞ്ചാരികൾ കോൺക്രീറ്റ് കെട്ടിടങ്ങൾക്കു കീഴിലും കുടകൾക്കു കീഴിലും അഭയം തേടുമെങ്കിലും പറവകൾക്ക് വന്നിരിക്കാൻ തണൽ എന്ന ആശയത്തിൽ നിന്നാണ് ചന്ദ്രൻ തെങ്ങുകൾ നട്ടു തുടങ്ങിയത്. ആദ്യം തീര സൗന്ദര്യം മറയുമെന്ന കാരണത്താലും സഞ്ചാരികൾ വാടക കുടകളെ ആശ്രയിക്കാതെ മരത്തണലിൽ അഭയം തേടുമെന്നൊക്കെ പറഞ്ഞ് എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ തീരത്ത് തണലും തീര സൗന്ദര്യവും കൂടിയതോടെ എതിർപ്പ് കുറഞ്ഞു വന്നു. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഈ തെങ്ങിൻ തോപ്പ് കൗതുകമാകുകയാണ്. ചന്ദ്രൻ ജോലിക്കിടയിലും ഇവിടെയെത്തി തെങ്ങുകളെ പരിചരിക്കാറുണ്ട്. ചന്ദ്രന്റെ ഈ ഉദ്യമം കണ്ട കച്ചവടക്കാരും ഏതാനും പ്രദേശവാസികളും തെങ്ങ് വാങ്ങാൻ സഹായിക്കാറുണ്ട്. തീരം കണ്ട് നടന്നു തളർന്ന സഞ്ചാരികൾ ചന്ദ്രന്റെ തെങ്ങിൻ തോപ്പിൽ വന്നിരുന്ന് വിശ്രമിക്കാറുമുണ്ട്. തനത് സൗന്ദര്യത്തിലേക്ക് കോവളം തീരത്തെ മാറ്റുകയാണ് ചന്ദ്രന്റെ തെങ്ങിൻ തോപ്പുകൾ .