പാറശാല: അയ്യാ വൈകുണ്ഠർ മഹാപദയാത്രയുടെ 181-ാമത് വാർഷികത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പിൽ നിന്നും തിരുവനന്തപുരം ശിങ്കാരത്തോപ്പിലേക്കുള്ള അയ്യാ വൈകുണ്ഠർ മഹാപദയാത്ര അതിർത്തി കടന്ന് കേരളത്തിൽ പ്രവേശിച്ചു. അയ്യാ വൈകുണ്ഠ മഠാധിപതി ബാലപ്രജാപതി അടികളുടെ നേതൃത്വത്തിൽ കഴിഞ്ഞ 23 ന് അയ്യാ വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലമായ കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പിൽ നിന്നും ആരംഭിച്ച പദയാത്ര 28 ന് തിരുവനന്തപുരം ശിങ്കാരത്തോപ്പ് പതിയിൽ എത്തിച്ചേരും. തുടർന്ന് സമാപന സമ്മേളനം നടക്കും. രാജഭരണ കാലത്ത് സ്വാമിത്തോപ്പ് മുതൽ ശിങ്കാരത്തോപ്പ് വരെ മഹാരാജാവിന്റെ ഭടൻമാർ വൈകുണ്ഠ സ്വാമികളെ കുതിരവണ്ടിയിൽ കെട്ടിവലിക്കുകയും ശിങ്കാരത്തോപ്പിലെ ജയിലിൽ അടച്ച് പട്ടിണിക്കിട്ട് അതിക്രൂരമായി മർദ്ദിച്ചതിന്റെ ത്യാഗ സ്മരണകൾ പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് മഹാപദയാത്ര നടത്തുന്നതെന്ന് മഠാധിപതി പറഞ്ഞു.