photo

ബാലരാമപുരം: പഞ്ചായത്തിലെ പാലച്ചൽക്കോണം വാർഡിൽ സ്ഥാനാർത്ഥികളെല്ലാം ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിൽ. 29 ന് ആണ് ഉപതിരഞ്ഞെടുപ്പ്. സീറ്റ് നിലനിറുത്താൻ ശക്തമായ പ്രചാരണവുമായാണ് യു.ഡി.എഫ് രംഗത്തുള്ളത്. കഴിഞ്ഞ 8 വർഷമായി യു.ഡി.എഫ് ആണ് വാർഡ് ഭരിക്കുന്നത്. 38 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന്റെ സിന്ധുവാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ജയിച്ചത്. ഇവർക്ക് സർക്കാർ ജോലികിട്ടിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

നന്നംകുഴി രാജനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി,​ ജനശ്രീ മണ്ഡലം സെക്രട്ടറി,​ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്,​ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ബ്ലോക്ക് സെക്രട്ടറി എന്നീ പ്രവർത്തനമികവുമായാണ് യു.ഡി.എഫ് സാരഥി രംഗത്ത്. ജനതാദളിനാണ് ഇടതുമുന്നണി ഇവിടെ സീറ്റ് നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആദ്യം തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയതും എൽ.ഡി.എഫ് തന്നെയായിരുന്നു. മുത്താരമ്മൻകോവിൽ ഹയർസെക്കൻഡറി സ്കൂളിലെ റിട്ട. അദ്ധ്യാപിക ശ്യാമള ടീച്ചറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മഹിളാ ജനതാദൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,​ എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെന്റെർ ജില്ലാകമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയംഗം എ.പി. രാധാകൃഷ്ണനാണ് വാർഡിൽ ബി.ജെ.പിയെ പ്രതിനിധീകരിക്കുക. വിജയപ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.