trivandrum-marathon-2018

തിരുവനന്തപുരം: റൺ ഫോർ റീ ബിൽ‌ഡ് കേരള എന്ന മുദ്രവാക്യമുയർത്തി ട്രിവാൻഡ്രം മാരത്തോൺ ഡിസംബർ ഒന്നിന് നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിന് രജിസ്‌ട്രേഷൻ ഫീസ് ഉപയോഗിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മറ്റ് സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് കായികവകുപ്പ് മാരത്തോൺ നടത്തുക.

നാലുഘട്ടങ്ങളിലായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തുന്നതരത്തിൽ ഫാമിലി ഫൺ റൺ ആദ്യം നടത്തും. മത്സരയിനമല്ലാത്ത ഇത് രാത്രി എട്ടിന് ഫ്ളാഗ് ഓഫ് ചെയ്യും. പതിനായിരംപേർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 10 കിലോമീറ്റർ റോഡ് റേസ്, 21.09 കലോമീറ്റർ ഹാഫ് മാരത്തോൺ, 42.19 കലോമീറ്റർ ഫുൾ മാരത്തോൺ എന്നിങ്ങനെയുള്ള മത്സരങ്ങൾ. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായാണ്. രാത്രി 12ന് തിരുവനന്തപുരം മാനവീയം വീഥിയിൽ ആരംഭിച്ച് മാനവീയം വേദിയിൽ സമാപിക്കും. സാലറി ചലഞ്ചിൽ പങ്കെടുത്തവരും പ്രളയദുരിതാശ്വാസത്തിനായി പണം സംഭാവന നൽകിയവരും രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല.
ഫാമിലി ഫൺ റണ്ണിൽ പൊതുജനങ്ങൾ, ടെക്‌നോപാർക്ക്, കരവ്യോമനാവിക സേന, കായികതാരങ്ങൾ മുതലായവർ പങ്കാളികളാവും. മാരത്തോൺ നടത്തിപ്പിന് കായികവകുപ്പുമായി സഹകരിച്ചുപ്രവർത്തിക്കാൻ ട്രിവാൻഡ്രം റണ്ണേഴ്സ് ക്ലബിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

'ട്രിവാൻഡ്രം മാരത്തോണി'ന്റെ ലോഗോയും ടീസറും മന്ത്രി പ്രകാശനം ചെയ്തു. വാർത്താസമ്മേളനത്തിൽ കായിക സെക്രട്ടറി ഡോ. എ. ജയതിലക്, കായികയുവജനകാര്യാലയം ഡയറക്ടർ സഞ്ജയൻകുമാർ എന്നിവരും സംബന്ധിച്ചു.

 രജിസ്ട്രേഷൻ ഫീസ്

ഫാമിലി ഫൺ റൺ ₹500

10 കിലോമീറ്റർ റൺ ₹600

ഹാഫ് മാരത്തോൺ ₹800

ഫുൾ മാരത്തോൺ ₹1000

 സമ്മാനങ്ങൾ

10 കിലോമീറ്റർ ₹20,000

ഹാഫ് മാരത്തോൺ ₹50,000

ഫുൾ മാരത്തോൺ ₹1 ലക്ഷം

മത്സരം പൂർത്തിയാക്കുന്നവർക്ക് മെഡൽ